പുല്‍നാമ്പുകള്‍ക്കു മുകളില്‍ മയങ്ങുന്ന മഞ്ഞുകണങ്ങളെ തഴുകിയുണര്‍ത്തുന്ന തണുത്ത കാറ്റിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ഇളംവെയിലിന് മനോഹാരിതയേറെയുണ്ടായിരുന്നു ആ പ്രഭാതത്തില്‍ ... നാട്ടുപാട്ടില്‍ ലയിച്ചുപോയൊരു കുട്ടിയെപ്പോലെ ലോസ് ആഞ്ചത്സ് നഗരം മയങ്ങി നിന്നു, ഫെബ്രുവരി പതിനാറിന്റെ വശ്യതയില്‍ മതിമറന്ന്...
ലോസ് ആഞ്ചത്സില്‍ നിന്നും രാവിലെ തന്നെ യാത്ര പുറപ്പെടുമ്പോള്‍ കാണാന്‍പോകുന്ന കാഴ്ചകളെപ്പറ്റി മുന്‍ധാരണകളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മിഴികളില്‍ അതിശയം നിഴലിച്ചതുമില്ല. ഒരുപക്ഷേ, കാണാനിരിക്കുന്ന അദ്ഭുതങ്ങള്‍ സര്‍പ്രൈസ് ആവട്ടെ എന്നു കരുതി ആരും പറയാതിരുന്നതുമാവാം.മൂന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്യണം ലക്ഷ്യസ്ഥാനത്തെത്താന്‍ . ഞാനും ഉണ്ണിയും അദ്ദേഹത്തിന്റെ സുഹൃത്ത് പ്രകാശും കൂടിയാണ് യാത്ര.സുഹൃത്തിന്റെ സ്പോര്‍ട്സ് കാര്‍ ലോസ് ആഞ്ചെത്സ് നഗരവീഥിയിലൂടെ ഒഴുകിക്കൊണ്ടിരിക്കെ, അവിചാരിതമെന്നോണമാണ്നല്ലൊരു കടല്‍കാഴ്ച കണ്ണില്‍പ്പെട്ടത്.എന്നാ പിന്നെ അവിടെ ഒന്നിറങ്ങിപ്പോകാം എന്ന ധാരണയില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങളിറങ്ങി. അലയടിക്കുന്ന പസഫിക് സമുദ്രത്തിന്റെയരികില്‍ അതിന്റെ ഭംഗി ആസ്വദിച്ചിരുന്നു കുറച്ചുനേരം.
നീലക്കടലിന് മനസ്സിനെ പിടിച്ചു നിര്‍ത്തുന്നഒരു പ്രത്യേക ആകര്‍ഷണമുണ്ടെന്നത് സത്യമാണെന്നു അപ്പോഴാണ് വിശ്വസിച്ചതും.അല്പസമയത്തിനുശേഷം ഞങ്ങളവിടെനിന്നും തിരിച്ചു.
മൂന്നു മണിക്കൂറോളം ഡ്രൈവ് ചെയ്ത് വണ്ടി ഒരുഭാഗത്ത് ഒതുക്കി നിര്‍ത്തുമ്പോഴേ ശ്രദ്ധിച്ചിരുന്നു അവിടത്തെതിരക്ക്. ടിക്കറ്റ് കൌണ്ടറില്‍ നിന്നും മൂന്ന് പാസ്സെടുത്ത്, കയ്യില്‍ കിട്ടിയ രൂപരേഖ ഒന്നിരുത്തിനോക്കി.
കുറച്ച് സമയം അവ തിന്നുന്നതും ഉറങ്ങുന്നതുമൊക്കെ നോക്കിനിന്ന്പതുക്കെ അവിടുന്നു പിവാങ്ങി. നേരെ പോയത് വേയ്‌ലുകളുടെ ഷോ നടക്കുന്ന സ്ഥലത്തേയ്ക്കായിരുന്നു. ആളുകള്‍ വന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ.ആയിരത്തില്പരംആളുകള്‍ക്കിരിക്കാവുന്ന ഗാല്ലെറി നിമിഷനേരം കൊണ്ടു തന്നെ നിറഞ്ഞു കവിഞ്ഞു. ഷോ തുടങ്ങുന്നതും കാത്തിരുന്ന ഞങ്ങളെ നോക്കി ഡാന്‍സ് ചെയ്തുകൊണ്ട് വേയ്‌ലുകള്‍ സ്റ്റേജില്‍ പ്രത്യക്ഷമായി.കൂടെയെത്തിയ ട്രൈനികളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അവ ഓരോ അഭ്യാസങ്ങള്‍ കാണിച്ചു തുടങ്ങി.
സ്റ്റേജില്‍ ഓടിനടന്നും, വെള്ളത്തില്‍ ചാടി മറഞ്ഞും അവ ഒരു അദ്ഭുത കാഴ്ചയൊരുക്കി. ഷോയുടെ ഇടയില്‍ പെപ്സി ബോട്ട്ലുമായി വന്ന കുട്ടിവേയ്ലിനെ കാണികള്‍ക്ക് നന്നേ ബോധിച്ചു.
ഷോ കഴിഞ്ഞതും നേരെ പോയത് കടല്‍മത്സ്യങ്ങളുടെ അടുത്തേയ്ക്കായിരുന്നു. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റാത്ത പേരുകള്‍ .എന്തൊരു ഭംഗിയാണവയ്ക്ക്. ഇരുട്ടുനിറഞ്ഞസ്ഥലവും നല്ല തിരക്കും ആയിരുന്നതുകൊണ്ട് കാമെറയുടെ ഉപയോഗം ശരിയായി നടന്നില്ല.ഇനിയെന്ത് എന്നാലോചിച്ചു നില്‍ക്കാതെ ആകാശയാത്രയ്ക്കുള്ള ക്യൂവില്‍ സ്ഥാനം പിടിച്ചു. സീവേള്‍ഡിനു മുകളിലൂടെയാകും പോകുക എന്നു കരുതിയ എനിയ്ക്കു തെറ്റി.താഴെ സ്വച്ഛന്ദമായൊഴുകുന്ന തടാകം, കുറച്ചപ്പുറത്ത് വലിയൊരു പാലം. വെള്ളത്തിലൂടെ അതിവേഗത്തിലോടുന്ന ബോട്ടുകള്‍ ... മുകളില്‍ നിന്നുള്ള കാഴ്ചമനോഹരമായിരുന്നു.
ആകാശയാത്ര കഴിഞ്ഞിറങ്ങി അതിനെപ്പറ്റി സംസാരിച്ചു നടക്കുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല. സീവേള്‍ഡിന്റെ മാത്രമല്ല, ലോകത്തിന്റെമുഴുവന്‍ ആശ്ചര്യചകിതരാക്കുന്ന ഷാമൂ ഷോ തുടങ്ങാന്‍ ഇനി പതിനഞ്ചു മിനുറ്റുകള്‍ മാത്രം. വേഗം തന്നെ അങ്ങോട്ട് നടന്നു. ഗാല്ലറി നിറഞ്ഞു തുടങ്ങുന്നു.അയ്യായിരത്തഞ്ഞൂറോളം ആളുകള്‍ക്കിരിക്കാന്‍ പറ്റുന്ന ഗാലറി. മൂന്നു പേര്‍ക്കിരിക്കാന്‍ പറ്റുന്ന സ്ഥലം നോക്കി പതുക്ക സ്റ്റെപ്പുകള്‍ കയറി. മുന്നിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. പക്ഷേ അവിടിരിക്കുന്നവര്‍ നനയും എന്നുള്ള മുന്നറിയിപ്പ് ഉള്ളതുകൊണ്ടും, ആ തണുപ്പില്‍ നനയാനുള്ള ആഗ്രഹം ഇല്ലാത്തതുകൊണ്ടും ഏകദേശം നടുവിലായി ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു.
കില്ലര്‍ വേയ്ലുകളുടെ സ്റ്റേജ് പേരാണ്‍` ഷാമു. 55 ഡിഗ്രി ഫാരന്‍ഹീറ്റ്( 13 ഡിഗ്രി സെത്ഷ്യസ്) തണുപ്പുള്ള , ഏതാണ്ട് 7 മില്ല്യണ്‍ ഗാല്ലണ്‍ ഉള്ള വെള്ളട്ടാങ്കിലാണ് അവയുടെ അഭ്യാസപ്രകടനം.ഭീമാകാരമായ കടല്‍ സസ്തനികളാണ് കില്ലര്‍ വേയ്ലുകള്‍ . ആര്‍ട്ടിക്, അറ്റ്ലാന്റിക് പോലുള്ള സമുദ്രങ്ങളുടെ ശീതമേഖലയില്‍ വിഹരിക്കുന്ന കില്ലര്‍ വേയ്ലുകള്‍ അപകടകാരികളാണ്. അറുപതുകള്‍ക്കുശേഷമാണ് ഇവയെ കടലില്‍ നിന്നും കരയ്ക്കെത്തിച്ചത്. മനുഷ്യരെ കൊല്ലുന്ന ഇവയെ ഇണക്കിയെടുക്കുന്നവരെ സമ്മതിച്ചേ പറ്റൂ. യാതൊരു മലിനീകരണവും കൂടാതെആ വെള്ളട്ടാങ്ക് സൂക്ഷിക്കുക എന്നത് വലിയ പ്രാധാന്യമുള്ളതാണ്. കില്ലര്‍ വേയ്‌ലുകളെ മലിനീകരണം വേഗത്തില്‍ ബാധിക്കും.500 ( 227കിലോ ഗ്രാം) പൌണ്ടോളം ഭക്ഷണവും ഏതാണ്ട് 60 ഗാല്ലണ്‍ പാലുമാണ് അവയുടെ ഒരു ദിവസത്തെ ആഹാരം! പെണ്‍വേയ്‌ലുകള്‍ എണ്‍പതു വര്‍ഷത്തോളംജീവിക്കുമെങ്കില്‍ ആണ്‍വേയ്‌ലുകള്‍ ഷഷ്ടിപൂര്‍ത്തിയ്ക്കപ്പുറത്തേയ്ക്ക് കടക്കാറില്ല.
മ്യൂസിക്കിന്റേയും ശബ്ദങ്ങളുടേയും അകമ്പടിയോടെ ഷോ ആരംഭിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ ചെറിയ വേയ്ലുകളും മറ്റും ആളുകള്‍ക്ക് രസം പകര്‍ന്നുകൊണ്ടിരുന്നു. പിന്നെ പെട്ടന്ന് എല്ലാ ശബ്ദങ്ങളും നിലച്ചു. ശ്വാസമടക്കിപ്പിടിച്ച് ആ വെള്ളട്ടാങ്കിലേയ്ക്കുറ്റു നോക്കിയിരുന്നു ഞങ്ങള്‍ .
വായിച്ചും കേട്ടും മാത്രം അറിഞ്ഞ വന്യതയുടെ പര്യായമായ കൊലകാരന്‍ മത്സ്യം! അവയുടെ പ്രകടനങ്ങള്‍ വിവരണാതീതമാണ്. പരിശീലകര്‍ അവയെ മുകളില്‍ കയറി സവാരി നടത്തി, മനുഷ്യമണം കേട്ടാല്‍ത്തന്നെ വന്യമാകുന്ന അവ പാട്ടുകള്‍ക്കൊത്ത് നൃത്തം ചെയ്തു, അങ്ങനെ കുറെ...
ഇടയ്ക്കിടെ അവയ്ക്ക് തീറ്റയും നല്‍കുന്നുണ്ട്. പ്രകടനങ്ങള്‍ക്കിടയിലെ ചില സമയങ്ങളില്‍ മുന്‍നിരകളിലിരിക്കുന്നവരെ നനയ്ക്കുന്നുമുണ്ടായിരുന്നു അവ. പിന്നെ സ്പീഡില്‍ വന്ന് നന്നായി ഫോടൊയ്ക്ക് പോസ് ചെയ്യും.
പ്രതീക്ഷിക്കാത്ത നേരത്ത് ഒരോ ഭാഗത്തുനിന്നും അവ കരണം മറിയും... ഉയരത്തില്‍ം വെച്ചൊരു കമ്പിന്റെ അറ്റത്തെ ഫ്ലാഗിനെ ആവേശത്തോടെ എത്തിപ്പിടിക്കാനാഞ്ഞ കുട്ടിവേയ്ലിനെ കരഘോഷത്തോടെയാണ് കാണികള്‍ എതിരേറ്റത്.
ഒടുവില്‍ ഷോ തീര്‍ന്നപ്പോള്‍ റ്റാറ്റാ തരാനും മറന്നില്ല കൊലകാരന്മാര്‍ .
ഗാലറിയില്‍ നിന്നിറങ്ങി ആ വെള്ളട്ടാങ്കിനരികിലൂടെ നടക്കുമ്പോഴാണ് ആരോ പറഞ്ഞത്, ഒരിക്കല്‍ കില്ലര്‍ വേയ്ല് ഒരു പരിശീലകയെ ആക്രമിച്ചിട്ടുണ്ടെന്ന്.ഞാന്‍ നടത്തത്തിന് സ്പീഡ് കൂട്ടി.
സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറക്കുമതി ചെയ്തതാണോ ഇവയെ എന്നു തോന്നുംവിധം സുന്ദരികളായിരുന്നു അവ. ആഴിയ്ക്കെങ്ങനെ അഴകില്ലാതെ പോകും!!!
ആ കാഴ്ച കണ്ടു മതി വരാതെ സമയത്തിന്റെ അതിക്രമത്തെ ശപിച്ചുകൊണ്ട് പുറത്തേയ്ക്കു കടന്നു. പോകുന്ന വഴിയില്‍ നക്ഷത്ര
അവിടെ നിന്നും ചെറിയൊരു പാലം കടന്നതും പകച്ചപോലെ ഞാനവിടെ തറഞ്ഞു നിന്നു. അത്രയ്ക്കു മനോഹരമായിരുന്നു അവിടെ കണ്ടത്. അനുസരണയോടെ കുണുങ്ങി നടക്കുന്ന Flemingo പക്ഷികള്‍
അവയ്ക്കു കൂട്ടായി താറാവുകളും ഉണ്ടായിരുന്നു
വൈകുന്നേരമായിത്തുടങ്ങിയിരുന്നു അപ്പോഴേയ്ക്കും. അതിവേഗം കറങ്ങിത്തിരിഞ്ഞ് വെള്ളത്തിലേയ്ക്ക് കുതിക്കുന്ന റയ്‌ഡുകള്‍ക്കുശേഷം പെന്‍ഗ്വിനുകളെ കാണാനുറപ്പിച്ചു.നടന്നു നീങ്ങവേ ചില കുറുകല്‍ ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. അപ്രതീക്ഷിതമെന്നോണമാണ് എന്റെ കണ്ണുകള്‍ അവിടെയ്ക്കു തിരിഞ്ഞത്. കൂട്ടമായും ഒറ്റയ്ക്കും നില്‍ക്കുന്ന പെന്‍ഗ്വിനുകള്‍ .കുഞ്ഞു പെന്‍ഗ്വിനുകള്‍ നടക്കാന്‍ പഠിക്കുന്നു, ചിലത് വഴുക്കി വീഴുന്നു. ആരേയും ഗൌനിക്കാതെ അവ നിന്ന നില്‍പ്പില്‍ എന്തൊക്കെയോ സംസാരിക്കുകയാണ്.കൌതുകകരമായ കാഴ്ച!
തണുപ്പ് തുടങ്ങിയിരിക്കുന്നു. എങ്കിലും അത് വകവെയ്ക്കാതെ റാപ്പിഡ് രാഫ്റ്റ് റൈഡിലേയ്ക്ക് പോയി. വട്ടത്തിലുള്ള ഒരു റാഫ്റ്റ്. ഞങ്ങല്‍ മൂന്നു പേരും വേറെ മൂന്നു പേരുംകൂടി റൈഡ് ആരംഭിച്ചു. വെള്ളത്തിലൂടെ ഇളകിയാടി മുന്നോട്ട്... ഒരു വളവു കഴിഞ്ഞതും മുകളില്‍ നിന്നും തണുത്ത വെള്ളം ഞങ്ങളുടെ ദേഹത്തേയ്ക്ക് പൈപ്പിലെന്നപോലെ ചീറ്റി.പ്രതീക്ഷിക്കാതെ എത്തിയ ആ വെള്ളത്തുള്ളികള്‍ ഞങ്ങളെ മൊത്തം നനച്ചു. കാമെറ നനയാതിരിയ്ക്കാന്‍ അതൊതുക്കിപ്പിടിച്ചു. സ്പീഡ് ഒന്നു കുറഞ്ഞു. റൈഡ് കഴിഞ്ഞെന്നു കരുതി.പക്ഷേ പെട്ടന്ന് മുന്നോട്ടെടുത്ത റാഫ്റ്റ് കുത്തനെ ഒരൊറ്റ ചാട്ടം , ഇരുട്ടിലൂടെ, മുകളില്‍ നിന്നും കുതിയ്ക്കുന്ന വെള്ളത്തിനു താഴേക്കൂടി ഞങ്ങള്‍ മറുപുറത്തെത്തി. സംഭവിച്ചതെന്തെന്ന് അദ്ഭുതത്തോടെ വീക്ഷിച്ചു. പതുക്കെ റാഫ്റ്റില്‍ നിന്നും ഇറങ്ങി, തണുത്ത് വിറച്ചു കൊണ്ട് നടന്നു. കുറച്ചു നടന്നതുമാണ് രണ്ടു കുട്ടികള്‍ എന്തോ ഒപ്പിയ്ക്കുന്നത് കണ്ടത്. മെല്ലെ പോയിനോക്കി. റാഫ്റ്റിലൂടെ പോകുന്നവരുടെ ശരീരത്തിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുകയാണവര്‍ . കുറച്ച് മുന്‍പ് ഞങ്ങളെ നനപ്പിച്ചതും ഇവരുടെ പണിയായിരുന്നു. 25സെന്റ് ഇട്ടാല്‍ ആര്‍ക്കും റാഫ്റ്റിലെ യാത്രക്കാരെ നനയ്ക്കാം. എന്തായാലും നനഞ്ഞു, എന്നാ ഇനി പോണോരും നനയട്ടെ എന്നു കരുതി 25സെന്റ് കൊടുത്ത് കുറച്ച് പേരെ നനപ്പിച്ചു, സമാധാനമായത് അപ്പോഴാ. മറ്റുള്ളവര്‍ക്കിട്ട് പണിയാന്‍ ഒരുവിധമെല്ലാര്‍ക്കും താത്പര്യമുണ്ടെന്നതിനുള്ള തെളിവാണ് നിറഞ്ഞുകിടന്ന ആ കാശുകുടുക്ക കാട്ടിത്തന്നത്.
രാത്രിയായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. തണുത്ത കാലാവസ്ഥയും ദേഹത്തെ വെള്ളവും കൂടി ആകെ വിറപ്പിച്ചു. എങ്കിലും നടന്നു. പകല്‍ കണ്ട ഷാമൂ ഷോ രാത്രിയും ഉണ്ട്. ലൈറ്റുകള്‍ കൊണ്ട് ആകര്‍ഷകമായ ഷാമൂ ഷോ വര്‍ണ്ണാഭമായിരുന്നു. മനോഹരമായ ആ ഷോയ്ക്കു ശേഷം അവസാനത്തെ റൈഡിലേയ്ക്ക് ഞങ്ങള്‍ നടന്നു. സ്കൈ ടവര്‍ എന്ന റൈഡ്.
265 ഫീറ്റ് മുകളിലേയ്ക്ക് ഒരു യാത്ര. കുറച്ച് പേടിയോടെയാണ് അതിലേയ്ക്ക് കയറിയത്. കറങ്ങിക്കൊണ്ടെയിരിക്കുന്നതിനാല്‍ സാന്‍ഡ്യാഗോ നഗരത്തിന്റെ എല്ലാ ഭാഗവും ഒരുപോലെ കാണാം. ഏറ്റവും മുകളിലെത്തിയതും മനോഹരമായ പനോരമിക് കാഴ്ചയില്‍ ആ നഗരം ജ്വലിയ്ക്കുന്നതുപോലെ തോന്നി. അത്യുജ്ജലമായ കാഴ്ച. ഏത് ഭാഗത്തേയ്ക്ക് നോക്കിയാലും 100 മൈലുകളോളം സുന്ദരമായി വീക്ഷിയ്ക്കാം. രാത്രിയുടെ പ്രഭാപൂരത്തില്‍ ഭൂമിയില്‍ നിന്നും അത്രയുമുയരത്തില്‍ അങ്ങനെയൊരു കാഴ്ച! ഒരിക്കലുമത് മനസ്സില്‍നിന്നും മായില്ല. ഷാമൂ ഷോ നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്നും സ്കൈടവറിന്റെ ഫോടോ ഒപ്പിച്ചെടുത്തു തിരിച്ചുപോകുന്നതിനുമുന്‍പേ. അതില്‍ കാണുന്ന ഏറ്റവും മുകളിലത്തെ ചുകന്ന വെളിച്ചം വരെയാണ് മുകളിലോട്ടുള്ള യാത്ര.
ഇനിയുമൊരുപാട് അദ്ഭുതങ്ങളെ പ്രതീക്ഷിച്ചിരിയ്ക്കുന്ന സീവേള്‍ഡില്‍ നിന്നും മടങ്ങുമ്പോള്‍ കാഴ്ചകളൊക്കെ കണ്ടു മതിവരാത്തപോലെ തോന്നി...