Wednesday, April 22, 2009

സീവേള്‍ഡ്

പുല്‍‌നാമ്പുകള്‍ക്കു മുകളില്‍ മയങ്ങുന്ന മഞ്ഞുകണങ്ങളെ തഴുകിയുണര്‍ത്തുന്ന തണുത്ത കാറ്റിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ഇളംവെയിലിന് മനോഹാരിതയേറെയുണ്ടായിരുന്നു ആ പ്രഭാതത്തില്‍ ... നാട്ടുപാട്ടില്‍ ലയിച്ചുപോയൊരു കുട്ടിയെപ്പോലെ ലോസ് ആഞ്ചത്സ് നഗരം മയങ്ങി നിന്നു, ഫെബ്രുവരി പതിനാറിന്റെ വശ്യതയില്‍ മതിമറന്ന്...

ലോസ് ആഞ്ചത്സില്‍ നിന്നും രാവിലെ തന്നെ യാത്ര പുറപ്പെടുമ്പോള്‍ കാണാന്‍പോകുന്ന കാഴ്ചകളെപ്പറ്റി മുന്‍‌ധാരണകളൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മിഴികളില്‍ അതിശയം നിഴലിച്ചതുമില്ല. ഒരുപക്ഷേ, കാണാനിരിക്കുന്ന അദ്ഭുതങ്ങള്‍ സര്‍പ്രൈസ് ആവട്ടെ എന്നു കരുതി ആരും പറയാതിരുന്നതുമാവാം.മൂന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്യണം ലക്ഷ്യസ്ഥാനത്തെത്താന്‍ . ഞാനും ഉണ്ണിയും അദ്ദേഹത്തിന്റെ സുഹൃത്ത് പ്രകാശും കൂടിയാണ് യാത്ര.സുഹൃത്തിന്റെ സ്പോര്‍ട്സ് കാര്‍ ലോസ് ആഞ്ചെത്സ് നഗരവീഥിയിലൂടെ ഒഴുകിക്കൊണ്ടിരിക്കെ, അവിചാരിതമെന്നോണമാണ്നല്ലൊരു കടല്‍കാഴ്ച കണ്ണില്‍പ്പെട്ടത്.എന്നാ പിന്നെ അവിടെ ഒന്നിറങ്ങിപ്പോകാം എന്ന ധാരണയില്‍ വണ്ടി പാര്‍ക്ക് ചെയ്ത് ഞങ്ങളിറങ്ങി. അലയടിക്കുന്ന പസഫിക് സമുദ്രത്തിന്റെയരികില്‍ അതിന്റെ ഭംഗി ആസ്വദിച്ചിരുന്നു കുറച്ചുനേരം.



നീലക്കടലിന് മനസ്സിനെ പിടിച്ചു നിര്‍ത്തുന്നഒരു പ്രത്യേക ആകര്‍ഷണമുണ്ടെന്നത് സത്യമാണെന്നു അപ്പോഴാണ് വിശ്വസിച്ചതും.അല്പസമയത്തിനുശേഷം ഞങ്ങളവിടെനിന്നും തിരിച്ചു.
മൂന്നു മണിക്കൂറോളം ഡ്രൈവ് ചെയ്ത് വണ്ടി ഒരുഭാഗത്ത് ഒതുക്കി നിര്‍ത്തുമ്പോഴേ ശ്രദ്ധിച്ചിരുന്നു അവിടത്തെതിരക്ക്. ടിക്കറ്റ് കൌണ്ടറില്‍ നിന്നും മൂന്ന് പാസ്സെടുത്ത്, കയ്യില്‍ കിട്ടിയ രൂപരേഖ ഒന്നിരുത്തിനോക്കി.
“സീവേള്‍ഡ്, സാന്‍ഡ്യാഗോ“. കടല്‍ജീവികള്‍ , പെന്‍‌ഗ്വിന്‍ , വര്‍ണ്ണ മത്സ്യങ്ങള്‍ , ആകാശയാത്രകള്‍ തുടങ്ങീഒരുപാട് അത്ഭുദങ്ങളുള്ള, ലോകത്തിന്റെ ആകര്‍ഷണമായ ഷാമു ഷോ അരങ്ങേറുന്ന സീവേള്‍ഡിനു മുന്നിലാണ് നില്‍ക്കുന്നത് . ശൂന്യമായ മിഴികളില്‍ മെല്ലെ ആശ്ചര്യം വിരുന്നെത്തിത്തുടങ്ങി.

മുന്നോട്ട് നടക്കുന്തോറും എന്തൊക്കെയൊ ശബ്ദം കേട്ടു തുടങ്ങി. ചെവി കൂര്‍പ്പിച്ച് ഇത്തിരി നടന്നതും രസകരമായ ഒരു കാഴ്ച കണ്ടു.വഴുക്കല്‍ പാറകളുടെ നിറമുള്ള സീലുകള്‍ . കുറെയെണ്ണമുണ്ട്. ചിലത് ഉറങ്ങുന്നു, മറ്റു ചിലത് ആള്‍ക്കാര്‍ ഇട്ടുകൊടുക്കുന്ന ഭക്ഷണത്തിനു വേണ്ടി കൊഞ്ചുന്നു. എണ്ണ തേപ്പിച്ചപോലെ തിളങ്ങുന്നുണ്ടായിരുന്നു അവയുടെ ദേഹം.



കുറച്ച് സമയം അവ തിന്നുന്നതും ഉറങ്ങുന്നതുമൊക്കെ നോക്കിനിന്ന്പതുക്കെ അവിടുന്നു പി‌വാങ്ങി. നേരെ പോയത് വേയ്‌ലുകളുടെ ഷോ നടക്കുന്ന സ്ഥലത്തേയ്ക്കായിരുന്നു. ആളുകള്‍ വന്നുകൊണ്ടിരിക്കുന്നതേ ഉള്ളൂ.ആയിരത്തില്പരംആളുകള്‍ക്കിരിക്കാവുന്ന ഗാല്ലെറി നിമിഷനേരം കൊണ്ടു തന്നെ നിറഞ്ഞു കവിഞ്ഞു. ഷോ തുടങ്ങുന്നതും കാത്തിരുന്ന ഞങ്ങളെ നോക്കി ഡാന്‍സ് ചെയ്തുകൊണ്ട് വേയ്‌ലുകള്‍ സ്റ്റേജില്‍ പ്രത്യക്ഷമായി.കൂടെയെത്തിയ ട്രൈനികളുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അവ ഓരോ അഭ്യാസങ്ങള്‍ കാണിച്ചു തുടങ്ങി.



സ്റ്റേജില്‍ ഓടിനടന്നും, വെള്ളത്തില്‍ ചാടി മറഞ്ഞും അവ ഒരു അദ്ഭുത കാഴ്ചയൊരുക്കി. ഷോയുടെ ഇടയില്‍ പെപ്സി ബോട്ട്ലുമായി വന്ന കുട്ടിവേയ്ലിനെ കാണികള്‍ക്ക് നന്നേ ബോധിച്ചു.



ഷോ കഴിഞ്ഞതും നേരെ പോയത് കടല്‍മത്സ്യങ്ങളുടെ അടുത്തേയ്ക്കായിരുന്നു. ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റാത്ത പേരുകള്‍ .എന്തൊരു ഭംഗിയാണവയ്ക്ക്. ഇരുട്ടുനിറഞ്ഞസ്ഥലവും നല്ല തിരക്കും ആയിരുന്നതുകൊണ്ട് കാമെറയുടെ ഉപയോഗം ശരിയായി നടന്നില്ല.ഇനിയെന്ത് എന്നാലോചിച്ചു നില്‍ക്കാതെ ആകാശയാത്രയ്ക്കുള്ള ക്യൂവില്‍ സ്ഥാനം പിടിച്ചു. സീവേള്‍ഡിനു മുകളിലൂടെയാകും പോകുക എന്നു കരുതിയ എനിയ്ക്കു തെറ്റി.താഴെ സ്വച്ഛന്ദമായൊഴുകുന്ന തടാകം, കുറച്ചപ്പുറത്ത് വലിയൊരു പാലം. വെള്ളത്തിലൂടെ അതിവേഗത്തിലോടുന്ന ബോട്ടുകള്‍ ... മുകളില്‍ നിന്നുള്ള കാഴ്ചമനോഹരമായിരുന്നു.



ആകാശയാത്ര കഴിഞ്ഞിറങ്ങി അതിനെപ്പറ്റി സംസാരിച്ചു നടക്കുന്നതിനിടയില്‍ സമയം പോയതറിഞ്ഞില്ല. സീവേള്‍ഡിന്റെ മാത്രമല്ല, ലോകത്തിന്റെമുഴുവന്‍ ആശ്ചര്യചകിതരാക്കുന്ന ഷാമൂ ഷോ തുടങ്ങാന്‍ ഇനി പതിനഞ്ചു മിനുറ്റുകള്‍ മാത്രം. വേഗം തന്നെ അങ്ങോട്ട് നടന്നു. ഗാല്ലറി നിറഞ്ഞു തുടങ്ങുന്നു.അയ്യായിരത്തഞ്ഞൂറോളം ആളുകള്‍ക്കിരിക്കാന്‍ പറ്റുന്ന ഗാലറി. മൂന്നു പേര്‍ക്കിരിക്കാന്‍ പറ്റുന്ന സ്ഥലം നോക്കി പതുക്ക സ്റ്റെപ്പുകള്‍ കയറി. മുന്നിലുള്ള സീറ്റുകള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. പക്ഷേ അവിടിരിക്കുന്നവര്‍ നനയും എന്നുള്ള മുന്നറിയിപ്പ് ഉള്ളതുകൊണ്ടും, ആ തണുപ്പില്‍ നനയാനുള്ള ആഗ്രഹം ഇല്ലാത്തതുകൊണ്ടും ഏകദേശം നടുവിലായി ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു.

കില്ലര്‍ വേയ്ലുകളുടെ സ്റ്റേജ് പേരാണ്‍` ഷാമു. 55 ഡിഗ്രി ഫാരന്‍‌ഹീറ്റ്( 13 ഡിഗ്രി സെത്ഷ്യസ്) തണുപ്പുള്ള , ഏതാണ്ട് 7 മില്ല്യണ്‍ ഗാല്ലണ്‍ ഉള്ള വെള്ളട്ടാങ്കിലാണ് അവയുടെ അഭ്യാസപ്രകടനം.ഭീമാകാരമായ കടല്‍‌ സസ്തനികളാണ് കില്ലര്‍ വേയ്ലുകള്‍ . ആര്‍ട്ടിക്, അറ്റ്ലാന്റിക് പോലുള്ള സമുദ്രങ്ങളുടെ ശീതമേഖലയില്‍ വിഹരിക്കുന്ന കില്ലര്‍ വേയ്ലുകള്‍ അപകടകാരികളാണ്. അറുപതുകള്‍ക്കുശേഷമാണ് ഇവയെ കടലില്‍ നിന്നും കരയ്ക്കെത്തിച്ചത്. മനുഷ്യരെ കൊല്ലുന്ന ഇവയെ ഇണക്കിയെടുക്കുന്നവരെ സമ്മതിച്ചേ പറ്റൂ. യാതൊരു മലിനീകരണവും കൂടാതെആ വെള്ളട്ടാങ്ക് സൂക്ഷിക്കുക എന്നത് വലിയ പ്രാധാന്യമുള്ളതാണ്. കില്ലര്‍ വേയ്‌ലുകളെ മലിനീകരണം വേഗത്തില്‍ ബാധിക്കും.500 ( 227കിലോ ഗ്രാം) പൌണ്ടോളം ഭക്ഷണവും ഏതാണ്ട്‌ 60 ഗാല്ലണ്‍ പാലുമാണ് അവയുടെ ഒരു ദിവസത്തെ ആഹാരം! പെണ്‍വേയ്‌ലുകള്‍ എണ്‍പതു വര്‍ഷത്തോളംജീവിക്കുമെങ്കില്‍ ആണ്‍‌വേയ്‌ലുകള്‍ ഷഷ്ടിപൂര്‍ത്തിയ്ക്കപ്പുറത്തേയ്ക്ക് കടക്കാറില്ല.



മ്യൂസിക്കിന്റേയും ശബ്ദങ്ങളുടേയും അകമ്പടിയോടെ ഷോ ആരംഭിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ ചെറിയ വേയ്ലുകളും മറ്റും ആളുകള്‍ക്ക് രസം പകര്‍ന്നുകൊണ്ടിരുന്നു. പിന്നെ പെട്ടന്ന് എല്ലാ ശബ്ദങ്ങളും നിലച്ചു. ശ്വാസമടക്കിപ്പിടിച്ച് ആ വെള്ളട്ടാങ്കിലേയ്ക്കുറ്റു നോക്കിയിരുന്നു ഞങ്ങള്‍ .
ഹൃദയമിടിപ്പിന് വേഗം കൂടിയോ? മുഖം മുഴുവന്‍ അദ്ഭുതവും ആകാംക്ഷയും നിറഞ്ഞ ഏതോ വികാരം അലയടിക്കേ കില്ലര്‍ വെയ്‌ലിന്റെ വരവില്‍ കാണികള്‍ ഒന്നടങ്കം പകച്ചു. അത്രയ്ക്കായിരുന്നു ആ കാഴ്ച.



വായിച്ചും കേട്ടും മാത്രം അറിഞ്ഞ വന്യതയുടെ പര്യായമായ കൊലകാരന്‍ മത്സ്യം! അവയുടെ പ്രകടനങ്ങള്‍ വിവരണാതീതമാണ്. പരിശീലകര്‍ അവയെ മുകളില്‍ കയറി സവാരി നടത്തി, മനുഷ്യമണം കേട്ടാല്‍ത്തന്നെ വന്യമാകുന്ന അവ പാട്ടുകള്‍ക്കൊത്ത് നൃത്തം ചെയ്തു, അങ്ങനെ കുറെ...



ഇടയ്ക്കിടെ അവയ്ക്ക് തീറ്റയും നല്‍കുന്നുണ്ട്. പ്രകടനങ്ങള്‍ക്കിടയിലെ ചില സമയങ്ങളില്‍ മുന്‍‌നിരകളിലിരിക്കുന്നവരെ നനയ്ക്കുന്നുമുണ്ടായിരുന്നു അവ. പിന്നെ സ്പീഡില്‍ വന്ന് നന്നായി ഫോടൊയ്ക്ക് പോസ് ചെയ്യും.



പ്രതീക്ഷിക്കാത്ത നേരത്ത് ഒരോ ഭാഗത്തുനിന്നും അവ കരണം മറിയും... ഉയരത്തില്‍ം വെച്ചൊരു കമ്പിന്റെ അറ്റത്തെ ഫ്ലാഗിനെ ആവേശത്തോടെ എത്തിപ്പിടിക്കാനാഞ്ഞ കുട്ടിവേയ്ലിനെ കരഘോഷത്തോടെയാണ് കാണികള്‍ എതിരേറ്റത്.



ഒടുവില്‍ ഷോ തീര്‍ന്നപ്പോള്‍ റ്റാറ്റാ തരാനും മറന്നില്ല കൊലകാരന്മാര്‍ .
ഗാലറിയില്‍ നിന്നിറങ്ങി ആ വെള്ളട്ടാങ്കിനരികിലൂടെ നടക്കുമ്പോഴാണ് ആരോ പറഞ്ഞത്, ഒരിക്കല്‍ കില്ലര്‍ വേയ്ല് ഒരു പരിശീലകയെ ആക്രമിച്ചിട്ടുണ്ടെന്ന്.ഞാന്‍ നടത്തത്തിന് സ്പീഡ് കൂട്ടി.
കുറച്ചു നടന്നതിനുശേഷം മറ്റൊരു സ്ഥലത്തെത്തി. മുന്നില്‍ കണ്ട ഇരുട്ടുമൂടിയ കവാടത്തിലൂടെ പതുക്കെ ഞങ്ങള്‍ നടന്നു. ശരിയ്ക്കും സമുദ്രാന്തര്‍ഗര്‍ത്തിലേയ്ക്കു പോകുന്നപോലെ തോന്നി.ചില്ലുകൂട്ടിനുള്ളില്‍ ഒഴുകിക്കളിക്കുന്ന കുഞ്ഞു മത്സ്യങ്ങള്‍ക്ക് ആശ്ചര്യമുണര്‍ത്തുന്ന നിറങ്ങളുടെ വല്ലാത്തൊരു കോമ്പിനേഷനായിരുന്നു.



സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറക്കുമതി ചെയ്തതാണോ ഇവയെ എന്നു തോന്നുംവിധം സുന്ദരികളായിരുന്നു അവ. ആഴിയ്ക്കെങ്ങനെ അഴകില്ലാതെ പോകും!!!



ആ കാഴ്ച കണ്ടു മതി വരാതെ സമയത്തിന്റെ അതിക്രമത്തെ ശപിച്ചുകൊണ്ട് പുറത്തേയ്ക്കു കടന്നു. പോകുന്ന വഴിയില്‍ നക്ഷത്ര
മത്സ്യത്തിന്റെ ശില്‍പ്പം കണ്ടാണ് ഞാനവിടേയ്ക്ക് വഴി മാറിയത്. തൊട്ടരികിലുള്ള വെള്ളത്തില്‍ യഥാര്‍ത്ഥ മത്സ്യം കിടക്കുന്നുണ്ടായിരുന്നു. പണ്ടെങ്ങോ പാഠപുസ്തകത്തില്‍ നക്ഷത്രമത്സ്യത്തെക്കുറിച്ച് പഠിച്ചതോര്‍ത്തു.



അവിടെ നിന്നും ചെറിയൊരു പാലം കടന്നതും പകച്ചപോലെ ഞാനവിടെ തറഞ്ഞു നിന്നു. അത്രയ്ക്കു മനോഹരമായിരുന്നു അവിടെ കണ്ടത്. അനുസരണയോടെ കുണുങ്ങി നടക്കുന്ന Flemingo പക്ഷികള്‍



അവയ്ക്കു കൂട്ടായി താറാവുകളും ഉണ്ടായിരുന്നു



വൈകുന്നേരമായിത്തുടങ്ങിയിരുന്നു അപ്പോഴേയ്ക്കും. അതിവേഗം കറങ്ങിത്തിരിഞ്ഞ് വെള്ളത്തിലേയ്ക്ക് കുതിക്കുന്ന റയ്‌ഡുകള്‍ക്കുശേഷം പെന്‍‌ഗ്വിനുകളെ കാണാനുറപ്പിച്ചു.നടന്നു നീങ്ങവേ ചില കുറുകല്‍ ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. അപ്രതീക്ഷിതമെന്നോണമാണ് എന്റെ കണ്ണുകള്‍ അവിടെയ്ക്കു തിരിഞ്ഞത്. കൂട്ടമായും ഒറ്റയ്ക്കും നില്‍ക്കുന്ന പെന്‍‌ഗ്വിനുകള്‍ .കുഞ്ഞു പെന്‍‌ഗ്വിനുകള്‍ നടക്കാന്‍ പഠിക്കുന്നു, ചിലത് വഴുക്കി വീഴുന്നു. ആരേയും ഗൌനിക്കാതെ അവ നിന്ന നില്‍പ്പില്‍ എന്തൊക്കെയോ സംസാരിക്കുകയാണ്.കൌതുകകരമായ കാഴ്ച!



തണുപ്പ് തുടങ്ങിയിരിക്കുന്നു. എങ്കിലും അത് വകവെയ്ക്കാതെ റാപ്പിഡ് രാഫ്റ്റ് റൈഡിലേയ്ക്ക് പോയി. വട്ടത്തിലുള്ള ഒരു റാഫ്റ്റ്. ഞങ്ങല്‍ മൂന്നു പേരും വേറെ മൂന്നു പേരുംകൂടി റൈഡ് ആരംഭിച്ചു. വെള്ളത്തിലൂടെ ഇളകിയാടി മുന്നോട്ട്... ഒരു വളവു കഴിഞ്ഞതും മുകളില്‍ നിന്നും തണുത്ത വെള്ളം ഞങ്ങളുടെ ദേഹത്തേയ്ക്ക് പൈപ്പിലെന്നപോലെ ചീറ്റി.പ്രതീക്ഷിക്കാതെ എത്തിയ ആ വെള്ളത്തുള്ളികള്‍ ഞങ്ങളെ മൊത്തം നനച്ചു. കാമെറ നനയാതിരിയ്ക്കാന്‍ അതൊതുക്കിപ്പിടിച്ചു. സ്പീഡ് ഒന്നു കുറഞ്ഞു. റൈഡ് കഴിഞ്ഞെന്നു കരുതി.പക്ഷേ പെട്ടന്ന് മുന്നോട്ടെടുത്ത റാഫ്റ്റ് കുത്തനെ ഒരൊറ്റ ചാട്ടം , ഇരുട്ടിലൂടെ, മുകളില്‍ നിന്നും കുതിയ്ക്കുന്ന വെള്ളത്തിനു താഴേക്കൂടി ഞങ്ങള്‍ മറുപുറത്തെത്തി. സംഭവിച്ചതെന്തെന്ന് അദ്ഭുതത്തോടെ വീക്ഷിച്ചു. പതുക്കെ റാഫ്റ്റില്‍ നിന്നും ഇറങ്ങി, തണുത്ത് വിറച്ചു കൊണ്ട് നടന്നു. കുറച്ചു നടന്നതുമാണ് രണ്ടു കുട്ടികള്‍ എന്തോ ഒപ്പിയ്ക്കുന്നത് കണ്ടത്. മെല്ലെ പോയിനോക്കി. റാഫ്റ്റിലൂടെ പോകുന്നവരുടെ ശരീരത്തിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുകയാണവര്‍ . കുറച്ച് മുന്‍പ് ഞങ്ങളെ നനപ്പിച്ചതും ഇവരുടെ പണിയായിരുന്നു. 25സെന്റ് ഇട്ടാല്‍ ആര്‍ക്കും റാഫ്റ്റിലെ യാത്രക്കാരെ നനയ്ക്കാം. എന്തായാലും നനഞ്ഞു, എന്നാ ഇനി പോണോരും നനയട്ടെ എന്നു കരുതി 25സെന്റ് കൊടുത്ത് കുറച്ച് പേരെ നനപ്പിച്ചു, സമാധാനമായത് അപ്പോഴാ. മറ്റുള്ളവര്‍ക്കിട്ട് പണിയാന്‍ ഒരുവിധമെല്ലാര്‍ക്കും താത്പര്യമുണ്ടെന്നതിനുള്ള തെളിവാണ് നിറഞ്ഞുകിടന്ന ആ കാശുകുടുക്ക കാട്ടിത്തന്നത്.

രാത്രിയായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. തണുത്ത കാലാവസ്ഥയും ദേഹത്തെ വെള്ളവും കൂടി ആകെ വിറപ്പിച്ചു. എങ്കിലും നടന്നു. പകല്‍ കണ്ട ഷാമൂ ഷോ രാത്രിയും ഉണ്ട്. ലൈറ്റുകള്‍ കൊണ്ട് ആകര്‍ഷകമായ ഷാമൂ ഷോ വര്‍ണ്ണാഭമായിരുന്നു. മനോഹരമായ ആ ഷോയ്ക്കു ശേഷം അവസാനത്തെ റൈഡിലേയ്ക്ക് ഞങ്ങള്‍ നടന്നു. സ്കൈ ടവര്‍ എന്ന റൈഡ്.




265 ഫീറ്റ് മുകളിലേയ്ക്ക് ഒരു യാത്ര. കുറച്ച് പേടിയോടെയാണ് അതിലേയ്ക്ക് കയറിയത്. കറങ്ങിക്കൊണ്ടെയിരിക്കുന്നതിനാല്‍ സാന്‍ഡ്യാഗോ നഗരത്തിന്റെ എല്ലാ ഭാഗവും ഒരുപോലെ കാണാം. ഏറ്റവും മുകളിലെത്തിയതും മനോഹരമായ പനോരമിക് കാഴ്ചയില്‍ ആ നഗരം ജ്വലിയ്ക്കുന്നതുപോലെ തോന്നി. അത്യുജ്ജലമായ കാഴ്ച. ഏത് ഭാഗത്തേയ്ക്ക് നോക്കിയാലും 100 മൈലുകളോളം സുന്ദരമായി വീക്ഷിയ്ക്കാം. രാത്രിയുടെ പ്രഭാപൂരത്തില്‍ ഭൂമിയില്‍ നിന്നും അത്രയുമുയരത്തില്‍ അങ്ങനെയൊരു കാഴ്ച! ഒരിക്കലുമത് മനസ്സില്‍നിന്നും മായില്ല. ഷാമൂ ഷോ നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്നും സ്കൈടവറിന്റെ ഫോടോ ഒപ്പിച്ചെടുത്തു തിരിച്ചുപോകുന്നതിനുമുന്‍പേ. അതില്‍ കാണുന്ന ഏറ്റവും മുകളിലത്തെ ചുകന്ന വെളിച്ചം വരെയാണ് മുകളിലോട്ടുള്ള യാത്ര.

ഇനിയുമൊരുപാട് അദ്ഭുതങ്ങളെ പ്രതീക്ഷിച്ചിരിയ്ക്കുന്ന സീവേള്‍ഡില്‍ നിന്നും മടങ്ങുമ്പോള്‍ കാഴ്ചകളൊക്കെ കണ്ടു മതിവരാത്തപോലെ തോന്നി...

68 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൌതുകകരമായ കാഴ്ചകളുടെ മനോഹാരിതയുമായി സീവേള്‍ഡ്...

ദിലീപ് വിശ്വനാഥ് said...

സീവേള്‍ഡ് മായക്കാഴ്ചകളുടെ കൂടാരമാണ്. എത്ര കണ്ടാലും മതിവരാത്ത, സാഹസികന്മാരുടെ പറുദീസ, കുട്ടികളുടെ സ്വര്‍ഗ്ഗം. യാത്രാവിവരണം മനോഹരമായി....പടങ്ങളും.

Sands | കരിങ്കല്ല് said...

:)

Malayalam technology thalkkalam illa.. Athondu English comment.

Nalla chithrangalum, vivaranavum...
:)

Ithiri kothiyum asooyayum thonni! :)

Calvin H said...

ശ്ശ്യോ കണ്ടിട്ട് കൊതിയായിട്ട് പാടില്യാ....
ഇവിടെ ഒരാള്‍ക്ക് അലക്കൊഴിഞ്ഞിട്ട് നേരല്യാ കാശിക്ക് പോവാന്‍ ....

നന്നായി എഴുതി... നല്ല ചിത്രങ്ങളും... :)

കെ.കെ.എസ് said...

നീലക്കടലിന് മനസ്സിനെ പിടിച്ചു നിര്‍ത്തുന്നഒരു പ്രത്യേക ആകര്‍ഷണമുണ്ട്...ഈ പോസ്റ്റിനും.
ചെറുപ്പകാലത്ത് “ഏഴാം കടലിനക്കരെ “ എന്ന ഒരു സിനിമ അതീവകൌതുകത്തൊടെ കണ്ടിരുന്നത് ഓർമ്മവരുന്നു..ആ അത്ഭുത കൌതുകങളുടെ നിമിഷങൾ വീണ്ടും സമ്മാനിച്ചതിന് നന്ദി..

ബാജി ഓടംവേലി said...

നന്നായി എഴുതി...
നല്ല ചിത്രങ്ങളും...

സ്നേഹിതന്‍ said...

നല്ല വിവരണവും ചിത്രങ്ങളും.

പകല്‍കിനാവന്‍ | daYdreaMer said...

നന്നായി പ്രിയാ ഈ യാത്ര .. ഒപ്പം ചിത്രങ്ങളും ..

siva // ശിവ said...

വിവരണം നന്നായി...കുറച്ചുകൂടി ചിത്രങ്ങള്‍ വേണമായിരുന്നു....ഫാല്‍ക്കണ്‍ പക്ഷികള്‍ സോ നൈസ്....

Sethunath UN said...

പ്രിയേ
കൊറച്ച് മിന‌ക്കെട്ടിട്ടുണ്ടല്ലോ എഴുതി റെഡിയാക്കാന്‍.
ന‌ന്നായിട്ട്ണ്ട്.

Areekkodan | അരീക്കോടന്‍ said...

കുട്ടികള്‍ക്കുള്ള ഏതോ ഒരു ശാസ്ത്രപുസ്തകത്തില്‍ ഇവയെകുറിച്ച്‌ ചെറുപ്പത്തില്‍ വായിച്ചത്‌ ഓര്‍ക്കുന്നു.നല്ല ഭംഗിയുള്ള ചിത്രങ്ങളും വിവരണവും.

Zebu Bull::മാണിക്കൻ said...

പ്രിയ, അതു ഫാല്‍ക്കണ്‍ പക്ഷികളല്ല, ഫ്ലമിംഗോകളാണ്‌.

t.k. formerly known as thomman said...

നല്ല വിവരണം! സീ വേള്‍ഡില്‍ ഒന്നോരണ്ടോ വട്ടം പോയിട്ടുണ്ട്. എത്ര കണ്ടാലും ബോറടിക്കാത്ത സ്ഥലം; പ്രത്യേകിച്ച് അവിടത്തെ അനിമല്‍ ഷോകള്‍.

സാന്‍ ഡിയേഗോയില്‍ വേറെ എങ്ങും പോയില്ലേ? അവിടത്തെ zoo-വും ലെഗോ ലാന്റും ഒക്കെ പ്രസിദ്ധമാണ്. തൊട്ട് താഴെ, മെക്സിക്കോയില്‍ പോയി രണ്ട് ഫിഷ് ടാക്കോ അടിച്ചുവരാനും പറ്റും.

G.MANU said...

അടിപൊളി വിവരണം..ചിത്രങ്ങള്‍ അതിലും സൂപ്പര്‍

ഈശോയേ എന്നാണിതൊക്കെ ഒന്നു നേരിട്ട് കാണാന്‍ പറ്റുക..അടുത്ത ജന്മം ആവട്ടെ..

ബൈജു (Baiju) said...

വിവരണവും ചിത്രങ്ങളും മനോഹരം......

Rejesh Keloth said...

Hi... Nice descriptions.. :) Place is awesome... Keep traversing whole US and post travelogues... :)

The sky tower looks good... I had been to a similiar one in Vienna, where we have a rotating restaurant over the top... Can have a chilled beer and enjoy the scenic beauty... :)

ചാണക്യന്‍ said...

ചിത്രങ്ങളും വിവരണവും നന്നായി.....

മരമാക്രി said...

ആഹാ ജീവിച്ചിരിപ്പുണ്ടല്ലേ?

ഹന്‍ല്ലലത്ത് Hanllalath said...

ഫോട്ടോകള്‍ മനോഹരം..
അവതരണവും കൊള്ളാം..
ആശംസകള്‍..

പാമരന്‍ said...

കലക്കന്‍ വിവരണം. "ഒരു നാള്‍ ഞാനും ചേച്ചിയെപ്പോലെ സീവേള്‍ഡില്‍ പോകും.. " :)

ഇവിടെ വാന്‍കൂവറീലും ഉണ്ട്‌ ഇതുപോലൊരു സീ വേള്‍ഡ്‌. റൈഡ്സൊന്നും ഇല്ല. പക്ഷേ വെയ്‌ല്‌ ഷോയും ഡോള്‍ഫിന്‍ ഷോയുമൊക്കെ ഉണ്ട്‌. അതോണ്ട്‌ അത്ര അഹങ്കരിക്കണ്ടാ :)

നിരക്ഷരൻ said...

നാട്ടുപച്ചയില്‍ വന്നപ്പോള്‍ത്തന്നെ വായിച്ചിരുന്നു. എന്നാലും ഒന്നൂടെ ഓടിച്ച് നോക്കി. ക്ലിന്റണ്‍ വിസ തരാതെ ഒരിക്കല്‍ മടക്കി നിങ്ങട്ടെ നാട്ടീന്ന്. ഒബാമ വിസ തന്നാല്‍ ഞാനും ആ വഴിയൊക്കെ വരും, നോക്കിക്കോ.

ഓ.ടോ:- എന്റെ ശവത്തില്‍ ഒന്ന് കുത്തിക്കടന്നു പോയി അല്ലേ ? അയിക്കോ ആയിക്കോ. എന്റെ കണ്ണിമാവും പൂക്കും ഒരുനാള്‍ :)

പി.സി. പ്രദീപ്‌ said...

യാത്രാവിവരണം നന്നായിട്ടുണ്ട്.

മരമാക്രി said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

ഹരിശ്രീ said...

നല്ല വിവരണം...

മനോഹരമായ ചിത്രങ്ങള്‍

ആശംസകളോടെ...

ഹരിശ്രീ

:)

smitha adharsh said...

കിടിലന്‍ വിവരണം..
ഫോട്ടോസും അതി ഗംഭീരം..
ഇങ്ങനെയെങ്കിലും ഞങ്ങള്‍ക്കിതൊക്കെ കാണാനായല്ലോ..

സന്തോഷ്‌ പല്ലശ്ശന said...

“ആ കാഴ്ച കണ്ടു മതി വരാതെ സമയത്തിന്റെ അതിക്രമത്തെ ശപിച്ചുകൊണ്ട് പുറത്തേയ്ക്കു കടന്നു.”

ഇതു മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പൊള്‍ ഈ വാക്കുകളുടെ ആഴം നന്നായി മനസ്സിലാവുന്നുണ്ട്‌. പ്രിയയുടെ ചിലവില്‍ ഞങ്ങലും ഇവിടെയിരുന്ന്‌ ഒരു യാത്രനടത്തി ഈ ബ്ളൊഗ്ഗിലൂടെ. സീവേള്‍ടിലോട്ട്‌. നന്നായി...

അമേരിക്കന്‍ സമൂഹത്തിണ്റ്റെ സമകാലിക അവസ്തകളെക്കുറിച്ച്‌ പ്രിയയുടെ നിരീക്ഷണം ഞാന്‍ പ്രതീക്ഷിക്കുന്നു അടുത്ത ഏതെങ്കിലും പോസ്റ്റില്‍ ആശംസകള്‍

Unknown said...

REALLY CONGRATS ,നന്നായിരിക്കുന്നു നല്ല വിവരണം ,ആത്മാര്‍ത്ഥമായ ആശംസകള്‍ .ഇനിയും വരാം .

nandakumar said...

നന്നായിരിക്കുന്നു വിവരണം; ചിത്രങ്ങളൂം

(ഇതൊക്കെ വായിച്ച് കൊതിക്ക്യാന്നല്ലാണ്ട്..)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതു ശരി ഡോള്‍ഫിനുകള്‍ ആണ്‌ ഇതുപോലെ ചാടുന്നവയെല്ലാം എന്നായിരുന്നു ടി വിയില്‍ കണ്ടതുപ്രകാരം വിശ്വസിച്ചിരുന്നത്‌ അപ്പോള്‍ തിമിംഗലവും ചാടും അല്ലേ

നല്ല വിവരണം, നന്ദി. ഇനിയും വരാം

മനോജ് കെ.ഭാസ്കര്‍ said...

മനോഹരമായ ചിത്രങ്ങളും, മനോഹരമായ വിവരണവും... എങ്കിലും ഒരു നിര്‍ദ്ദേശം തരട്ടേ താ‍ങ്കള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും... മലയാളത്തെ ഒരു പശമാത്രമായി ഉപയോഗിക്കരുത്.. englishന് അനുയോജ്യമായ വാക്കുകള്‍ മലയാളത്തില്‍ ഉണ്ടെങ്കില്‍ ആ വാക്കുകള്‍ കഴിവതും ഉപയോഗിക്കു.(അദ്ഭുതങ്ങള്‍ സര്‍പ്രൈസ് ആവട്ടെ.. പെപ്സി ബോട്ട്ലുമായി) കാരണം നിങ്ങളേപ്പോലെ കഴിവുള്ളവരെ പിന്തുടര്‍ന്നാവും പുതുതലമുറയും എത്തുക. നന്ദി... നല്ലവിവരണത്തിന്.

ബിന്ദു കെ പി said...

ഞാൻ കുറച്ചു വൈകി സീവേൾഡിൽ എത്താൻ. മനോഹരമായ സ്ഥലം. കുട്ടികൾക്ക് സീ വേൾഡ് കൂടുതൽ ഇഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നു തോന്നുന്നു...
പിന്നെ “അത്ഭുതങ്ങൾ സർപ്രൈസ് ആവട്ടെ” മുതലായ ചില കല്ലുകടികൾ എനിയ്ക്കും തോന്നാതിരുന്നില്ല കേട്ടോ..

Raman said...

Nannayittundu ...

ഹരീഷ് തൊടുപുഴ said...

നന്ദി പ്രിയാ; എന്നേപ്പോലെ യാത്രകളിഷ്ടപ്പെടുകയും, കാഴ്ചകളാസ്വദിക്കുവാന്‍ കൊതിയുള്ളവര്‍ക്കൂ വിദേശത്തെ ഹൃദയഹാരിയായ കാഴ്ചകള്‍ കാട്ടിത്തന്നതിന്. കുറച്ചുകൂടി ഫോട്ടോസ് ആകാമായിരുന്നുവെന്നാണ് എന്റെ എളിയാഭിപ്രായം.
കുഞ്ഞുവേയ്ല് പെപ്സിബോട്ടിലുമായി വരുന്ന ദൃശ്യം കണ്ടപ്പോള്‍ എനിക്കു വളരെയധികം വാത്സല്യം തോന്നി!!
സ്കൈ ടവര്‍ റൈഡിയില്‍ നിന്നുള്ള കാഴ്ചകള്‍ ഇടാത്തതിനാല്‍ ചെറിയ ഒരു പണിഷ്മെന്റ് ഉണ്ട് ട്ടോ.
എന്താണെന്നോ; അടുത്തതവണ അതില്‍ കയറുമ്പോള്‍ കാമെറയില്‍ വീഡിയോ മോഡിലിട്ട് മൂവിങ്ങ് പിക്ചേര്‍സ് എടുത്തിട്ട് പോസ്റ്റണം ട്ടോ..

Ashly said...

Thanks a TON !!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വാല്‍മീകി, സാന്‍ഡ്സ്,കാല്‍‌വിന്‍ ,കെകീസ്,ബാജി ഓടംവേലി,സ്നേഹിതന്‍ ,, പകല്‍ക്കിനാവന്‍ , അരീക്കോടന്‍ ,ബൈജു,മനൂജി, സ്തീര്‍ത്ഥ്യന്‍ , ചാണക്യന്‍ ,ഹന്‍ലല്ലത്,പ്രദീപ്, സ്മിത, ഹരിശ്രീ,സന്തോഷ് പല്ലശ്ശന, ഞാനും എന്റെ ലോകവും,നന്ദകുമാര്‍ , ബിന്ദു, രാമന്‍ ,ആഷ്ലി വായന്യ്ക്കും അഭിപ്രായത്തിനും നന്ദി

നിഷ്കൂ, യാത്ര കഴിഞ്ഞാലുടനെ എഴുതിവെയ്ക്കല്‍ ഒരു ശീലമായി. പിനീടതൊരു ഹോബിയും. അതോണ്ട് ബുദ്ധിമുട്ടറിയുന്നില്ല :)

മാണിക്കന്‍ , മാറ്റി ട്ടാ

ടികെ, ഇല്ല പോയില്ല. വേറെ കുറെ സ്ഥലങ്ങള്‍ ഒന്നിച്ചു കാണാനുള്ള ട്രിപ് ആയിരുന്നു. സാന്‍‌ഡ്യാഗോയിലേയ്ക്ക് മാത്രമായി വരുമ്പോ എല്ലാം കാണാം ഇനി :)

മരമാക്രി, ഉണ്ടെന്നേ :)

പാമൂജീ, ഉണ്ടായിട്ടെന്താ ഇതുപോലെ എഴുതാന്‍ തോന്നീല്ലല്ലോ :)

നീരൂ, ഹഹഹ ചുമ്മ ഒന്നു കുത്തീതാ :)

ഇന്ത്യാ ഹെറിറ്റേജ് , ചാടും ചാടും. എന്നെ കണ്ടപ്പോ രണ്ടുചാട്ടം കൂടുതലു ചാട്യോന്നൊരു സംശ്യം:)

മനോജ്, അഭിപ്രായത്തിനു നന്ദി. മലയാളഭാഷയ്ക്കിടയില്‍ ഇംഗ്ലീഷ് ഉപയോഗിച്ചതുകൊണ്ട് മലയാളഭാഷ നശിച്ചുപോകുകയൊന്നുമില്ല. ചില എഴുത്തുകളില്‍ അതുതന്നെയാണ് ഭംഗിയും :)

ഹരീഷ്, അതിനുമുകളില്‍ കയറി കാഴ്ചകണ്ട് നിന്നപ്പോ പടമെടുക്കാന്‍ മറന്നു എന്നതാണ് സത്യം. ഇനി പോകുമ്പോള്‍ തീര്‍ച്ചയായും എടുക്കാം.

Anil cheleri kumaran said...

എന്റെ ദൈവമേ ഇങ്ങനത്തെ നാടുമുണ്ടല്ലേ ഭൂമിയിൽ.. അസൂയ തോന്നുന്നു..
മനോഹരമായ ഫോട്ടോകൾ, വിവരണം..
ഇഷ്ടപ്പെട്ടു.

the man to walk with said...

ishtaayi..vivaranom photosum ellam

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

manuvinte athee abhipraayam...
nalla photokal... good

വിഷ്ണു | Vishnu said...

നല്ല വിവരണം ....മനോഹരമായ ചിത്രങ്ങളും
എനിക്കും സീ വേള്‍ഡ്‌ കാണാന്‍ മോഹം

കണ്ണനുണ്ണി said...

ചിത്രങ്ങളും മനോഹരമായ വിവരണവും ഒക്കെ ചേര്‍ന്ന് ഹൃദ്യമായ അനുഭവം.. നന്ദി ചേച്ചി..

SajanChristee said...

ഹായ്...സീവേള്‍ഡ് കാണാന്‍ കൊതിയാവണു!!
അത് എങ്ങനെ കാണാനാ വിമാനത്തില്‍ കയറിയാല്‍ അപ്പോള്‍ ച്ഛര്‍ദ്ദിക്കും,പിന്നെ പേടിയും
അല്ലാതെ പൈസ ഇല്ലാഞ്ഞിട്ടല്ല കേട്ടോ!!


നല്ല ചിത്രങ്ങള്‍.നന്ദി
ആശംസകള്‍!!

SajanChristee said...
This comment has been removed by the author.
കറുത്തേടം said...

San Diego ഇല്‍ പ്രൊജക്റ്റ്‌ ചെയ്ത സമയത്ത് സീ വേള്‍ഡ് കാണണം എന്ന് കരുതിയതായിരുന്നു. അപ്രതീക്ഷിതമായി പ്രൊജക്റ്റ്‌ അവസാനിച്ച കാരണം ചിക്കാഗോയിലേക്ക് അടുത്ത പ്രൊജക്റ്റ്‌ നായി പോന്നു.
നന്ദി പ്രിയാ, ഇത് വായിച്ചപ്പോള്‍ പോകാന്‍ പറ്റാത്ത വിഷം മാറി..

Raghunath.O said...

നല്ല കാഴ്ചകള്‍ ................

Sureshkumar Punjhayil said...

Yathrayude uthsavam... Nannayirikkunnu. Ashamsakal...!!!

ശ്രീഇടമൺ said...

നല്ല ചിത്രങ്ങള്‍...
വിവരണവും നന്നായിട്ടുണ്ട്...

തുടര്‍ന്നും ഇത്തരത്തിലുള്ള വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

സസ്നേഹം...*

പൂക്കുട്ടി said...

അമേരിക്കീ പ്പോകാനൊന്നും നമ്മക്ക്‌ ഭാഗ്യല്ല്യേ.... അസൂയ തോന്നുണു.... അസൂയ....

കുഞ്ഞന്‍ said...

പ്രിയാജീ..

ആകെ ഗണ്‍ഫ്യൂഷ്യന്‍ ആയല്ലൊ..ആദ്യ ഷോയിലെ അഭിനേതക്കളെ വേയ്ല്സെന്നും രണ്ടാമത്തെ ഷോയിലെ വില്ലന്മാരെയും കില്ലര്‍ വേയ്‌ലുകളെന്നു പറയുന്നു (ഇവയെ കണ്ടാല്‍ ഡോള്‍ഫിന്‍ മാതിരിയിരിക്കുന്നു)...രണ്ട് ഷോയിലും അഭ്യാസ പ്രകടനങ്ങള്‍ നടത്തിയവരുടെ പേരുകള്‍ ഒന്നുതന്നെയാകുന്നതെങ്ങിനെ?

എന്തായാലും നല്ലൊരു അനുഭവം പങ്കിട്ടു നല്‍കിയതിന് നന്ദി പറയുന്നു..

അരുണ്‍ കരിമുട്ടം said...

വിവരണത്തില്‍ പ്രിയ പണ്ടേ കേമി തന്നെ.പക്ഷേ കൂടുതലിഷ്ടം സ്വപ്നഭൂമിയിലെ തല്ലുകൊള്ളിത്തരങ്ങളാ(മസാലപുരാണം പോലെ).ഹി..ഹി..
ഉടനെ ഒന്ന് പ്രതീക്ഷിക്കുന്നു

Unknown said...

കാണാൻ മറന്നു പോകുന്ന എത്ര മനോഹരമായ കാഴ്ച്ചകൽ

ഘടോല്‍ഘചന്‍ said...
This comment has been removed by the author.
ഘടോല്‍ഘചന്‍ said...

അഭിപ്രായം കേൾക്കുന്നവരെ കുറിച്ചു ലവലേശം ആലോചിക്കാറില്ല. അതുകൊണ്ട്‌ പറയുന്നു. യാത്രയേ വിവരിക്കുമ്പോൾ ചിത്രങ്ങൾ അപ്‌ ലോഡ്‌ ചെയ്തു ഞാൻ ഇതൊക്കെ കണ്ടു. നിങ്ങളും കണ്ടോളൂ എന്നു പറഞ്ഞു കൈ കഴുകുന്നതിനേക്കൾ മനോഹരമായിരിക്കും ചിത്രങ്ങളെ വാക്കുകളിലാക്കി വർണ്ണിക്കുമ്പോൾ. വായനകാരനു പക്ഷികളുടെ നാദവും കാറ്റിന്റെ കുളിർമ്മയും അരുവിയുടെ കളകളാരവവും അനുഭവേദ്യമാകുന്ന ആ രീതി അല്ലേ കുറച്ചുകൂടി നല്ലത്‌? (ചിത്രങ്ങളെ നോക്കി അവലോകനം ചെയ്യാൻ മടിയുള്ളതു കൊണ്ടും യാത്രാ വിവരണങ്ങൾ ഇഷ്ടപ്പെടുന്നതു കൊണ്ടും എഴുതുന്നത്‌)

വിജയലക്ഷ്മി said...

പടങ്ങളും ,യാത്രാ വിവരണങ്ങളും വളരെ നന്നായിരിക്കുന്നു .

Phayas AbdulRahman said...

നല്ല പടങ്ങള്‍ .. നല്ല വിവരണം.. ഒന്നു പോയി നോക്കിയാലൊ സീ വേള്‍ഡ് വരെ..?? :)

കണ്ണനുണ്ണി said...

നല്ലൊരു യാത്രാ വിവരണം ചേച്ചീ ..ചിത്രങ്ങളും നന്നായിട്ടുണ്ട്
...എന്നാണാവോ എനിക്ക് ഇവിടെ ഒക്കെ പോവാന്‍ കഴിയുക :(

ഏകാന്ത പഥികന്‍ said...

ഒരിക്കലെങ്കിലും പോവണമെന്നുണ്ട്‌ ലോസ്‌ ആഞ്ജലസ്സിലേക്ക്‌...

നന്നയിട്ടുണ്ട്‌ കേട്ടോ

വര്‍ക്കിച്ചന്‍ : DudeVarkey said...

ഇതുവഴിയൊക്കെ വന്നിട്ട്‌ കുറേക്കാലമായി... ഇതെന്നതാ പ്രിയാജീ ഈ "പ്രയാണം"?? പ്രിന്റഡ്‌ ഫോമിൽ ആയോ??? :-)

വര്‍ക്കിച്ചന്‍ : DudeVarkey said...

അയ്യോ... പ്രിയാജീ... ഇപ്പോഴാണ്‌ പുസ്തക പ്രസാധനത്തിന്റെ പോസ്റ്റ്‌ വായിച്ചത്‌... ക്ഷമീര്‌....


കവിത നമുക്കു പറഞ്ഞിട്ടുള്ളതല്ലെങ്കിലും, കിട്ടുമെങ്കിൽ ഒരെണ്ണം വാങ്ങിച്ചു വായിക്കണം. പരീക്ഷ ഒന്നു കഴിഞ്ഞോട്ടെ. നമ്മുടെ നാട്ടിൽ കിട്ടുമോ ആവോ.. അടിച്ച കോപ്പികൾ തീർന്നിട്ടുണ്ടാവുമല്ലേ... അല്ലെങ്കിൽ പിന്നെ വീമാന യാത്ര ഒക്കെ നടത്തണ്ട വരും, അതിനു തൽക്കാലം ദുട്ടില്ലാ...

കുറേ വൈകിപ്പോയി, എന്നാലും അനുമോദനവും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു... കുറച്ചു താമസിച്ചുള്ള ഓണാശംസകളും.

Mahesh Cheruthana/മഹി said...

പ്രിയാ,
ഹൃദ്യമായ വിവരണവും മനോഹരമായ ചിത്രങ്ങളും ഇഷ്ടമായി!!!!!!!!

poor-me/പാവം-ഞാന്‍ said...

Waiting to hear from you...

ബാലചന്ദ്രൻ ചുള്ളിക്കാട് said...

നല്ല വിവരണം. മനോഹരമായ ചിത്രങ്ങൾ. നന്ദി.

SAJAN S said...

nice
:) thanks very much

Unknown said...

kazhchakal santhozhippikkunnu nanmakal

mukthaRionism said...

വിവണം അസ്സലായിട്ടോ...
ചിത്രങ്ങള്‍ അസ്സലസ്സലസ്സല്‍...

Unknown said...

ബ്ലോഗ് ഇന്നാണ്‌ കാണുന്നത്.
പ്രിയാ, മികച്ച അവതരണം. ഇനിയും വരാം

Jishad Cronic said...

കൊള്ളാം....

മേഘമല്‍ഹാര്‍(സുധീര്‍) said...

വിവരണം നന്നായി. ലെ ഔട്ട്‌ കുറച്ചു വീതി കൂട്ടാമായിരുന്നു. (ടെമ്പ്ലേറ്റ്}

Pisharody Krishnakumar said...

കിടിലന്‍