Friday, June 27, 2008

നിളാതീരത്തേയ്ക്ക്...

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ വാണിയംകുളം പഞ്ചായത്തില്‍പ്പെട്ട മാന്നന്നൂര്‍ ഗ്രാമത്തിലേയ്ക്കായിരുന്നു നാട്ടിലെത്തിയപ്പോള്‍ യാത്ര പോയത്. ഉണ്ണിയുടെ അമ്മവീടാണ് മാന്നന്നൂര്‍ .കുന്നുകളും താഴ്വരകളും പ്രണയത്തെ മാടിവിളിക്കുന്ന ഇളംകാറ്റും അവിടം മനോഹരമാക്കുന്നു. നിളാനദിയുടെ കളകളാരവവും നെടുവീര്‍പ്പും ചേര്‍ന്നൊഴുകുന്ന ഗ്രാമഭംഗി!

പ്രാധാന്യമേറിയ രണ്ടുക്ഷേത്രങ്ങളുടെ സാന്നിധ്യം ഗ്രാമത്തിന് അനുഗ്രഹമാകുന്നു. ഹരിദ്വാറിന് സമമെന്നു കരുതുന്ന ഇവിടം വൈശാഖമാസത്തെ പുണ്യസ്നാനത്താല്‍ പുളകിതയാകുന്നു... എന്നും ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന അഴകോട്ടില്‍ ക്ഷേത്രത്തിനും പണിതീരാത്ത ശിവക്ഷേത്രത്തിനും പുരാണത്തിന്റെ ഏടുകളില്‍ മഹനീയസ്ഥാനമുണ്ട്.

ഞങ്ങള്‍ നാലുപേര്‍ , ഉണ്ണിയും ഞാനും മാന്നന്നൂരില്‍ തന്നെ താമസമുള്ള, കസിനായ രഘുവും അവരുടെ ഭാര്യ ശാലിനിയും രാവിലെത്തന്നെ നാടുകാണാന്‍ പുറപ്പെട്ടു.ചരല്‍മണ്ണുനിറഞ്ഞ പാതയിലൂടെ പതുക്കെ വീഴാതെ മുന്നോട്ട് നടന്നു. കുറച്ച് കഴിഞ്ഞതും വയലേലകളുടെ അരികിലെത്തി. തലയാട്ടിച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. പാടവരമ്പത്തൂടെ വീണ്ടും മുന്നോട്ട്. നടന്നെത്തിയത് റെയില്‍‌വെ ട്രാക്കില്‍ .കുറച്ചപ്പുറത്താണ് മാന്നന്നൂര്‍ റെയില്‍‌വേ സ്റ്റേഷന്‍ .കിഴക്ക് ഒറ്റപ്പാലവും പറ്റിഞ്ഞാറ്‌ ഷൊര്‍ണൂരും. റെയില്വേ ട്രാക്ക് ക്രോസ്സ് ചെയ്ത് മറുപുറത്തെത്തി.

വീണ്ടും ഒറ്റവരിതീര്‍ത്ത പാതകള്‍ . ആകാശത്തേയ്ക്ക് പടര്‍ന്നുകയറാന്‍ മത്സരിക്കുന്ന ചെടിപ്പടര്‍പ്പുകള്‍. തുരുമ്പു പിടിച്ച ഗേറ്റ് തുറന്ന് ഉള്ളിലേയ്ക്ക് കയറി. ഉണ്ണിയുടെ അമ്മവീടാണത്. വര്‍ഷങ്ങള്‍ പഴക്കമുള്ള തറവാട്. കുറെയായി ആരും താമസമില്ല. എങ്കിലും യാതൊരു കേടുമില്ലാതെ ഇന്നും പ്രൌഡിയോടെ നില്‍ക്കുന്നു.


അവിടന്നു അധികം താമസിയാതെ മുന്നോട്ട് വീണ്ടും നടന്നു തുടങ്ങി. ഇടിഞ്ഞുപൊളിഞ്ഞ അമ്പലത്തിന്നരികിലൂടെ , പാറക്കെട്ടുകള്‍ക്കു മുകളിലൂടെ താഴേയ്ക്കിറങ്ങി. മുന്‍പില്‍ , നിളാനദിയുടെ സ്പന്ദനം!!!ആദ്യമായിട്ടായിരുന്നു ഭാരതപ്പുഴയുടെ തീരത്ത് ഞാനെത്തുന്നത്. അതിന്റെ അമ്പരപ്പും ആകാംക്ഷയുമൊക്കെ കണ്ണുകളില്‍ തെളിയുന്നുണ്ടായിരുന്നു. നേര്‍ത്ത ചൂടുള്ള മണലിലൂടെ നിളയെനോക്കി നടന്നു.വായനയ്ക്കിടയില്‍ നഷ്ടപ്പെട്ടുപോയൊരു കഥയുടെ പൊരുളന്വേഷിച്ചുഴറുന്ന മനസ്സിനെപ്പോലെ പുഴ ഒഴുകുകയാണ്. വര്‍ണ്ണനകള്‍ക്കുമതീതം. പുഴയുടെ മാസ്മരികതയെ മനസ്സിലേയ്ക്കാവാഹിക്കുമ്പോള്‍ നക്ഷത്രങ്ങളോടൊപ്പം സ്വര്‍ഗ്ഗലോകത്തെപ്പുല്‍കിയെന്നു തോന്നും. ശ്യാമമേഘങ്ങള്‍ ഭൂമിയെ മനോഹരിയാക്കുന്നപോലെയാണ് അടിയൊഴുക്കുകള്‍ പുഴയെ വശ്യമാക്കുന്നത്.മുഖം കാണിക്കാനിഷ്ടപ്പെടാതെ ചിറകൊടിഞ്ഞ സ്വപ്നങ്ങളുടെ ചിതയിലേയ്ക്കൊളിക്കുന്ന അടിയൊഴുക്കുകള്‍ ഓളങ്ങളെ കള്ളം പറയാന്‍ പഠിപ്പിച്ചിട്ടുണ്ടോ?എല്ലാരും മെല്ലെ പുഴയിലേയ്ക്കിറങ്ങി. നല്ല തണുപ്പുള്ള വെള്ളം. പുഴയെ എന്നുമെനിയ്ക്കിഷ്ടമായിരുന്നു. ഒന്നു കാതോര്‍ത്താല്‍ കവിത ചൊല്ലിത്തരുന്ന പുഴകള്‍ ഒരു സമസ്യയാണ്. അപഥസഞ്ചാരികളുടെ കാല്‍പ്പാടുകള്‍ പുഴയോരത്ത് ഒന്നും സൃഷ്ടിക്കാറില്ലെങ്കിലും ഭാരതപ്പുഴയുടെ തീരത്ത് നടക്കാനിറങ്ങുന്നവര്‍ ഇവിടത്തെ നിലാവിനെ ഏറെ ഇഷ്ടപ്പെടുന്നു.
പുഴയുടെ ഭാവഗീതങ്ങള്‍ ശ്രുതിമധുരമാണ്. പുഴയുടെ പുതിയ ഭാവങ്ങളെയറിയാന്‍ കുഞ്ഞോളങ്ങളെ സാന്ത്വനിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോളൊരുപക്ഷേ, മറ്റൊരു കാവ്യസൃഷ്ടിയുടെ തുടക്കമെന്നപോലെ പുഴ വീണ്ടും കഥകള്‍ പറഞ്ഞേയ്ക്കാം...

കുറച്ചപ്പുറത്ത് മാടപ്രാവുകള്‍ പുഴയോരത്ത് സല്ലപിക്കുന്നു. ശോഷണം പുഴയെ ഒരുപാട് ക്ഷീണിപ്പിച്ചിട്ടുണ്ട്. നിളയെന്നും ഒഴുകട്ടെ നെടുവീര്‍പ്പുകളറിയാതെ...

നട്ടുച്ചയായിരുന്നു അപ്പോഴേയ്ക്കും.തിരികെ വീട്ടിലേയ്ക്കു തന്നെ നടന്നു. ഉച്ചവെയില്‍ വിശപ്പിനെ ക്ഷണിച്ചു തുടങ്ങിയിരിക്കുന്നു. വീട്ടിലെത്തിയപാടെ കൈകഴുകി ഉണ്ണാനിരുന്നു. സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. നാക്കിലയിലെ ഊണിനു തന്നെ ഒരു പ്രത്യേക സ്വാദാണ്.
ഊണും കഴിഞ്ഞ് കുറച്ചുനേരത്തെ സൊറപറച്ചിലിനുശേഷം വൈകുന്നേരത്തോടെ അവിടെ നിന്നും ഞങ്ങള്‍ തിരിച്ചു, നന്ദി പറയാന്‍ മറക്കാതെ...

26 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിളാതീരത്തേയ്ക്കൊരു യാത്ര

ദിലീപ് വിശ്വനാഥ് said...

വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലിരുന്ന് രണ്ടെണ്ണം വിട്ട് ഇരിക്കെണ്ട സമയത്ത് നിളാതീരത്തേക്ക് പോകാന്‍ വിളിച്ചാല്‍ എന്താ ചെയ്ക? എന്തായാലും പ്രിയയോടൊപ്പം ഇറങ്ങി പുറപ്പെട്ടു. എന്നാല്‍പ്പിന്നെ ഇനി നിളാതീരം കമ്പ്ലീറ്റ് കവര്‍ ചെയ്യാം അല്ലേ?...
കൊള്ളാം.. നടന്ന് നടന്ന് കാല് കഴച്ചു. ഇനി ഒരിടത്ത് ഇരിക്കാം.

സ്നേഹതീരം said...

പ്രിയക്കുട്ടിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു നിത്യഹരിതഗാനം ഓര്‍മ്മ വന്നു.

‘കരയുന്നോ പുഴ ചിരിക്കുന്നോ..‘

ഭാരതപ്പുഴയുടെ തീരത്ത് കുറെനേരം ചിലവഴിക്കാന്‍ എനിക്കും മോഹമുണ്ട്. എന്നാണ് അത് സാദ്ധ്യമാവുക എന്നു മാത്രം അറിയില്ല :)

ആശംസകളോടെ..

Gopan | ഗോപന്‍ said...

നൊസ്ട..നൊസ്ട ..
പ്രിയാജി നല്ല കലക്കന്‍ പോസ്റ്റ്. നിളാതീരത്തെ യാത്ര ആസ്വദിച്ചു.ആദ്യത്തെയും അവസാനത്തെയും ചിത്രങ്ങള്‍ തകര്‍ത്തൂട്ടോ.നാക്കിലയിലെ സദ്യയുടെ പടം കാണിച്ചു ചുമ്മാ കൊതിപ്പിക്ക്യാല്ലേ :)ചുമ്മാ അവസാനത്തെ പോസ്റ്റ് എന്ന് പറഞ്ഞ് പേടിപ്പിക്കരുത്.ആ വിഷമത്തിന്‍റെ പേരില്‍ വാല്മീകി മാഷ്‌ അടിക്കാതെ വച്ചിരിക്കുന്ന രണ്ടെണ്ണം ഞാനെടുത്തു വീശാം..ഒരു സമാധാനം വേണ്ടേ.. :)

thoufi | തൗഫി said...

എത്ര കേട്ടാലും,എത്ര തന്നെ വര്‍ണിച്ചാലും മതിവരാതെ ഒഴുകിക്കൊണ്ടെയിരിക്കുന്നു,
എന്റെ നിള.

നിള എന്നുമെനിക്ക് കാമുകിയാണ്.
അവളുടെ കളകളാരവങ്ങളും കേട്ട്
ആ മണല്‍പ്പരപ്പില്‍ അന്തിമയങ്ങുവോളം
കൂട്ടുകാരോടൊത്ത് വെടിപറഞ്ഞിരുന്ന
നാളുകള്‍ പോയ്പ്പോയ ഇന്നലെകള്‍..

വര്‍ഷക്കാലത്ത് പൂര്‍ണ്ണഗര്‍ഭിണിയെപ്പോലെ
നിറഞ്ഞൊഴുകുന്ന നിളയെ എത്രനോക്കി നിന്നാലും
കൊതിതീരാറില്ല. കൊല്ലത്തിലൊരിക്കല്‍
നിളയെ സ്നേഹിക്കുന്ന,പ്രണയിക്കുന്ന
കുറ്റിപ്പുറത്തെ സഹൃദയ കൂട്ടായമയൊരുക്കാറുള്ള
“നിളയുടെ നിലാവില്‍” ആലങ്കോട് ലീലേട്ടന്‍,
സീ ആര്‍ നീലകണ്ഠന്‍, രാധാമണി ഐങ്കലം
എന്നിവരോടൊത്ത് ഗസല്‍ നാദവും കഥപറച്ചിലും
കവിതയും നാടന്‍പാട്ടുകളുമൊക്കെയായി
രാവ് പുലരുവോളം അവളുടെ മടിത്തട്ടില്‍
വീണുമയങ്ങിയിരുന്ന ഇന്നലെകള്‍..

ഇന്ന്, ഈ മണല്‍ക്കാട്ടില്‍ ഇതെല്ലാം
നഷ്ടമാകുന്നല്ലോയെന്നോര്‍ക്കുമ്പോള്‍..

G.MANU said...

“അമ്മേ നിളേ നിനക്കെന്തുപറ്റി
നിര്‍മ്മലക്കണ്ണുനീരൊട്ടുവറ്റി......”


നിള മലയാള ദു:ഖത്തിന്റെ സിംബല്‍ ആകുന്നു...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അയ്യോ അയ്യോ നിളയുടെ തീരത്ത്

ദേ കവിതയും സെന്റിയൊക്കെ നൊസ്റ്റള്‍ജിയ എല്ലാം കൂടൊരുമിച്ചെത്തി..
“നിളയുടെ തീരത്ത് കലയുടെ വല്‍ക്കണമണീഞ്ഞ മനസ്സുമായി ലാസ്യത്തിന്റെ മറ്റൊരു തീരത്തിലേയ്ക്ക്’

:: niKk | നിക്ക് :: said...

യാത്ര നന്നായിരിക്കുന്നു പ്രിയ :)

അവസാനത്തെ ആ നന്ദി എനിക്കത്ര സുഖിച്ചില്ല :P

Sherlock said...

ശ്യാമമേഘങ്ങള്‍ ഭൂമിയെ മനോഹരിയാക്കുന്നപോലെയാണ് അടിയൊഴുക്കുകള്‍ പുഴയെ വശ്യമാക്കുന്നത്.

വൌവ്..:)


മുഖം കാണിക്കാനിഷ്ടപ്പെടാതെ ചിറകൊടിഞ്ഞ സ്വപ്നങ്ങളുടെ ചിതയിലേയ്ക്കൊളിക്കുന്ന അടിയൊഴുക്കുകള്‍ ഓളങ്ങളെ കള്ളം പറയാന്‍ പഠിപ്പിച്ചിട്ടുണ്ടോ?

?? പുരിയലയേ

krish | കൃഷ് said...

നിളയെക്കുറിച്ചുള്ള വര്‍ണ്ണന നന്നായിട്ടുണ്ട്.

(ഇന്ന് നിളയെന്നാല്‍ മഴക്കാലത്ത് കുത്തിയൊലിച്ച് ഒഴുകുകയും, അതുകഴിഞ്ഞാല്‍ മണലൂറ്റുകാരുടെ വിഹാരകേന്ദ്രവുമായിരിക്കയല്ലേ.. അതെ, നിള മരിച്ചുകൊണ്ടിരിക്കുന്നു... കഥകളിലും കവിതകളിലുമായി ജീവിക്കുന്നു!!)

കിഷോർ‍:Kishor said...

പ്രകൃതി വിവരണം കലക്കി!

നിള മരിച്ചു കൊണ്ടിരിക്കുന്ന ഒരു നദിയാണ്. പലയിടങ്ങളിലും അത് മെലിഞ്ഞു ഞാഞ്ഞൂലുപോലെയായിത്തീര്‍ന്നിരിക്കുന്നു.

Rejesh Keloth said...

നന്നായിരിക്കുന്നു... ലളിതമായ ആഖ്യാനം, എങ്കിലും സുന്ദരം... ട്രെയിന്‍ അല്ലെങ്കില്‍ ബസ് കടന്നുപോകുമ്പോള്‍ കാണുന്ന മണല്‍ത്തിട്ടയിലെ ഒരു നേര്‍ത്തവരപോലെ ഒഴുകുന്ന നിളയെ മാത്രമേ ഇന്നോളം കണ്ടിട്ടുള്ളൂ... നിറഞ്ഞൊഴുകുന്ന നിളയെ എന്നെങ്കിലും ഒരിക്കല്‍ കാണാം എന്ന പ്രതീക്ഷയോടെ... :-)

ജന്മസുകൃതം said...

"വയലേലകളുടെ അരികിലെത്തി. തലയാട്ടിച്ചിരിക്കുന്ന നെല്‍ക്കതിരുകള്‍ അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു."
മനസ്സിനെ കുളിര്‍പ്പിക്കുന്ന കാഴ്ച തന്നെ.ഇക്കഴിഞ്ഞ വേനല്‍ മഴ കര്‍ക്കിടകത്തേക്കാള്‍ കഷ്ടമായി പെയ്തതും കര്‍ഷകരുടെ മനസ്സിന്റെ സമനിലതെറ്റിച്ചതും അറിഞ്ഞിരുന്നില്ലെ?
സത്യമായും നിങ്ങള്‍ നാലുപേരാണ്‌ നിളകാണാന്‍ പോയതെന്നു സമ്മതിക്കാന്‍ വയ്യ. ഞങ്ങള്‍ കുറെപ്പേര്‍ പിന്നാലെ ഉണ്ടായിരുന്നതു കണ്ടില്ല,അല്ലെ?
എന്തായാലും നന്നായി....
ആ അനുഭവം തന്ന വര്‍ണന....
നന്ദിയുണ്ട്‌.

ശ്രീ said...

നിളാതീരത്തു കൂടി തിരക്കുകളൊന്നുമില്ലാതെ വെറുതേ നടക്കുക എന്നത് എന്റെയും ഒരു ആഗ്രഹമാണ്. എന്നെങ്കിലും പോണം. :)

നല്ല വിവരണം, പ്രിയാ.
:)

വേണു venu said...

നിളാ നദിയുടെ ഓരത്തു കൂടെ നടന്നു. നല്ല രസമായിരുന്നു. ഒപ്പം ദുഖിക്കുകയും ചെയ്യുന്നു. ഈ പുഴയും ഇനി കഥയിലും കവിതയിലും മാത്രം ആകുമല്ലോ.!

ഹരിശ്രീ said...

നല്ല യാത്രാവിവരണം...

നിളയുടെ തീരത്തിലൂടെ ഉള്ള ഈ യാത്ര മനോഹരം...

Girijavallabhan said...
This comment has been removed by the author.
Girijavallabhan said...

Nice post !!

Esp related to Kanniyaar kali...

ആഗ്നേയ said...

പ്രിയാ....
അവാര്‍ഡ് ജേതാവിന് അഭിനന്ദനങ്ങള്‍....
സന്തോഷത്തില്‍ പങ്കുചേരുന്നു...

ബഷീർ said...

now
അഭിനന്ദനങ്ങള്‍....
later,
യാത്രാ വിവരണം വായിച്ച്‌ കമ്മന്റിടുന്നതാണ് : )

മലമൂട്ടില്‍ മത്തായി said...

പറഞ്ഞു വന്നാല്‍ ഈ മത്തായിയും മാന്നനുര്‍ക്കാരന്‍ തന്നെ ആണ്. എന്റെ അച്ഛന്‍ അവിടത് കാരനാണ്. പിന്നെ ഇന്റര്‍നെറ്റില്‍ പുതിയ പേര്‍ ഒക്കെ സ്വീകരിച്ചു അമുഖനായി ഇരിക്കുനതിനാല്‍ വേറെ ഒന്നും തന്നെ പറയാന്‍ പറ്റില്ല :-)

അച്ഛന്റെ തറവാട് പുഴയുടെ അടുത്തല്ല, റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെ ആണ്. ഹൈ സ്കൂള്‍ കാലം വരെ സ്ഥിരമായി വേനല്‍ അവധിക്കു അച്ഛന്റെ തറവാട്ടില്‍ പോയിരുന്നു. പറമ്പിലെ സകലമാന മരങ്ങളിലും കയറി, മാങ്ങാ, തേങ്ങ, ചക്ക, കശുവണ്ടി തുടങ്ങിയവ പറമ്പില്‍ തന്നെ വച്ചു വയറ്റിലേക്ക് കയറ്റി (വീട്ടില്‍ കൊണ്ടുവന്നാല്‍ നൂറു ചോദ്യങ്ങള്‍ ആണ്, പിന്നെ എല്ലാവര്ക്കും ഒരു പങ്കു കൊടുക്കയും വേണം), വൈകുംനേരം ഭാരതപുഴയില്‍ കണ്ണ് ചുവക്കും വരെ അര്മാതിച്ചു കുളിച്ചു, അച്ഛന്‍ ആപ്പീസില്‍ നിന്നും വരുന്നതിനു (ആറരയുടെ പാസഞ്ചര്‍), മുന്പ് വീട്ടില്‍ വന്നു മൂക്കറ്റം ദോശ, ചമന്തി എന്നിവ ചെലുത്തി, പിന്നെയും ചോറിനു വേണ്ട സ്ഥലം ഭാക്കി വെച്ചു കഴിഞ്ഞു പോയ ദിവസങ്ങള്‍. ആര്യന്കാവ് പൂരത്തിനുള്ള ഒരു കുതിര ഞങ്ങളുടെ വീടിനു മുന്‍പില്‍ കൂടി ആണ് പോയിരുന്നത്.

കഴിഞ്ഞ പതിനാലു വര്‍ഷങ്ങള്‍ ആയി വലിയ ബന്ധം ഒന്നും ഇല്ല അവിടവുമായി, എന്നാലും നാട്ടില്‍ പോകുമ്പോള്‍ അവിടം വരെ പോകാതെ വയ്യ.

അങ്ങിനെ ഒരുപാടു സങ്ങതികള്‍ ഒര്മിപിചത്തിനു നന്ദി. പിന്നെ അവാര്‍ഡിന് അഭിനന്ദനങ്ങള്‍.

Kunjipenne - കുഞ്ഞിപെണ്ണ് said...

ഗംഭീരമാ പോസ്റ്റുകള്‍....
ആശംസകള്‍

രമ്യ said...

അപഥസഞ്ചാരികളുടെ കാല്‍പ്പാടുകള്‍ പുഴയോരത്ത് ഒന്നും സൃഷ്ടിക്കാറില്ലെങ്കിലും ഭാരതപ്പുഴയുടെ തീരത്ത് നടക്കാനിറങ്ങുന്നവര്‍ ഇവിടത്തെ നിലാവിനെ ഏറെ ഇഷ്ടപ്പെടുന്നു.
പുഴയുടെ ഭാവഗീതങ്ങള്‍ ശ്രുതിമധുരമാണ്. പുഴയുടെ പുതിയ ഭാവങ്ങളെയറിയാന്‍ കുഞ്ഞോളങ്ങളെ സാന്ത്വനിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോളൊരുപക്ഷേ, മറ്റൊരു കാവ്യസൃഷ്ടിയുടെ തുടക്കമെന്നപോലെ പുഴ വീണ്ടും കഥകള്‍ പറഞ്ഞേയ്ക്കാം..

നല്ല യാത്രാവിവരണം...

ഇനിയും വരാം ഈ നിളാ തീരതില്‍ കൂടെ

Prajeshsen said...

theevandiyil yathracheyyumpol eppozhum kanunna ente priyappetta nilaye varachathinum
oormappeduthiyathinum
thanks

R Niranjan Das said...

fabulous...took me to the shores of nila...


www.rajniranjandas.blogspot.com

Hamza Vallakkat said...

എനിക്ക് ഇപ്പോഴും ഇഷ്ടം ആ വായ ഇലയിലുള്ള സദ്യ തന്നെ