നേരും നെറിവും കൈമോശം വന്നിട്ടില്ലാത്ത ഒരുള്‍നാടന്‍ ഗ്രാമം. പാലക്കാട്ടുനിന്നും ഏകദേശം പതിന്നാലു കിലോമീറ്ററോളം നെന്മാറ റൂട്ടില്‍ യാത്ര ചെയ്താല്‍ കാക്കയൂര്‍ എന്ന ഈ ഗ്രാമമെത്തി. ചെണ്ടമേളത്തിന്റെ മാറ്റൊലികളുയരുന്ന പല്ലാവൂരിന്റെ പ്രിയസഖി. വയല്‍വരമ്പുകള്‍
മോഹങ്ങള്‍ തീര്‍ക്കുന്ന, പച്ചപ്പിന്റെ മാസ്മരികത തുളുമ്പുന്ന , ബാല്യം കളിച്ചു തീര്‍ത്ത സ്വപ്നഭൂമി!!!
ഇവിടെ മഴയുടെ താളങ്ങള്‍ക്കൊപ്പം പൂക്കള്‍ നടനമാടാറുണ്ട്. കുസൃതിക്കാറ്റിന്റെ കിന്നാരം കേട്ട് തിങ്കള്‍ ചിരിക്കാറുണ്ട്. ഉദയാസ്തമയങ്ങളുടെ ചാരുത ഈ ഭൂമിയെ ധന്യമാക്കുമ്പോള്‍ സ്വപ്നലോകത്തിന്റെ പടിവാതിലിലാണോ എന്നു സംശയിച്ചേയ്ക്കാം.
ആകാശത്തിലെ പറവകള്‍ക്ക് കിനാക്കളുണ്ടെന്നും,മഴത്തുള്ളികള്‍ക്ക് കൊഞ്ചലുണ്ടെന്നും, അരുണിമ പടര്‍ന്ന മൂവന്തിക്ക് പായ്യാരം പറയാനുണ്ടെന്നും ഞാനറിഞ്ഞത് ഇവിടെ നിന്നാണ്. അതിനുമപ്പുറം ഈ സ്വപ്നഭൂമിയിലെ കളിവാക്കു ചൊല്ലുന്ന തെന്നലിനും, കാണാമറയത്തെ നിലാവിനും എന്റെ ബാല്യകാലമറിയാം.
തിമിര്‍ത്തുപെയ്യുന്ന മഴയില്‍ പാടവരമ്പിലൂടെ തെന്നിവീഴാതെ ഓടുമ്പോള്‍ മുകളില്‍ ആകാശം മഴവില്ലിനെ വരവേല്‍ക്കാന്‍ കാത്തിരിക്കാറുണ്ടായിരുന്നു...
അമ്പലമുറ്റത്തെ പുല്‍നാമ്പുകള്‍ക്ക് തളര്‍ച്ചയുണ്ട്. എന്റെ കാലടികളില്‍ ഈ മണ്ണിന്റെ കുളിര്‍മ്മ ഇന്നുമുണ്ട്. നാലാംക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ് ആദ്യമായി കാവടിയെടുത്തത്. ഈ അമ്പലത്തിനു ചുറ്റും കാവടിയും തോളില്‍വെച്ച് പ്രദക്ഷിണം വെയ്ക്കുമ്പോള്‍ പേടിയായിരുന്നു, താഴെ വീഴുമോ എന്നൊക്കെ.
വൈകുന്നേരങ്ങളിലെ കളികളും സന്ധ്യാസമയത്തെ നാമജപവും ഇവിടെയിന്നും തത്തിക്കളിക്കുന്നപോലെ... അമ്പലഗോപുരത്തിലെ പൂക്കള്‍ എന്നൊടേന്തോ പറയാന്‍ ശ്രമിക്കുന്നപോലെ തോന്നി.
വിശാലമായ കുളത്തിന്റെ ഭംഗിയ്ക്കും മങ്ങലുണ്ട്. മഴ പെയ്യുമ്പോള്‍ ആ തുള്ളികള്‍ക്കുമീതെ നീന്താനായിരുന്നുഎന്നുമിഷ്ടം. ആദ്യമായി മീനിനെ ചൂണ്ടയിടാന്‍ പഠിച്ചതും ഈ കുളക്കടവിലിരുന്നാണ്. ഇല്ല, ഇനിയതൊന്നും തിരികെ വരില്ല...
ചാറ്റല്‍മഴയെ കളിയാക്കാന്‍ ആലിന്‍ചുവട്ടില്‍ ഓടിക്കയറിയ സായന്തനങ്ങള്‍ , ഉച്ചവെയില്‍ ചായുന്ന നേരത്ത് തണല്‍ തേടിയെത്തുന്നത്, ആല്‍മരത്തിന്റെ ചുവന്ന പൂക്കള്‍കൊണ്ട് നഖങ്ങളില്‍ ചായം തേച്ചത്, കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അമ്പലത്തിലേയ്ക്കുള്ള യാത്രയില്‍ ആല്‍ത്തറയിലേയ്ക്ക് കള്ളക്കടക്കണ്ണെറിഞ്ഞത് അങ്ങനെയൊരുപാട്... ആല്‍മരത്തണലിലെ ആ ഇത്തിരിനേരങ്ങള്‍ ഓര്‍മ്മകളില്‍ ശയിക്കട്ടെ !
തറവാട്ടുമുറ്റത്തെത്തിയതും ആദ്യമെന്റെ നോട്ടം വീണത് തുളസിത്തറയിലും, നാഗത്താന്‍ കാവിലുമാണ്. . . ഒരിക്കല്‍, എല്ലാ ത്രിസന്ധ്യകളിലും ഇവിടെ അന്തിത്തിരി വെച്ചിരുന്നത് ഞാനായിരുന്നു. തുളസിത്തറയ്ക്കു ചുറ്റുമുള്ള പുല്‍നാമ്പുകളെ ശകാരിക്കാന്‍ നല്ല മിടുക്കായിരുന്നു. നാഗത്താന്റെയ
രികിലുള്ള മരത്തില്‍ പടര്‍ന്ന മുല്ലവള്ളിയില്‍ പൂമൊട്ടുകള്‍ക്കായി കാത്തിരിക്കാറുണ്ടായിരുന്നു. ഇല്ല, നശിച്ചിട്ടില്ല ഒന്നും. എങ്കിലും, എന്തോ ഒരു കുറവ് കാണുന്നതുപോലെ...
തണുത്ത മണ്ണിന്റെ സ്പര്‍ശനത്തില്‍ ഞാനൊന്നു പിടഞ്ഞു, ഒരുപാട് വൈകിയെന്നു തോന്നി...തിരിഞ്ഞു നോക്കിയപ്പോള്‍ വിളറിയ പടിപ്പുരയിലെ ശൂന്യതയിലൂടെ ഒരു പൂച്ചക്കുറിഞ്ഞി പതുക്കെ നടന്നുപോകുന്നത് കണ്ടു.
“മനുഷ്യര്‍ക്ക് മാത്രമല്ല ഭൂമിയ്ക്കും സംസ്കാരത്തിനും പൈതൃകത്തിനുമുണ്ട് പ്രതാപം. ഒക്കെ നഷ്ടപ്പെട്ടു തുടങ്ങിയിക്കുന്നു അല്ലെങ്കില്‍ എല്ലാം കച്ചവടമാകുന്നു ഇപ്പൊ“.
അമ്മയുടെ വാക്കുകള്‍ക്ക് കാരിരുമ്പിന്റെ മൂര്‍ച്ചയുണ്ടെന്നു തോന്നി. ആ പറഞ്ഞതത്രയും ശരിയും.
മുന്‍പെന്നോ കലാമണ്ഠലം ശിവന്‍ നമ്പൂതിരിയുടെ കൂടിയാട്ടം കണ്ടതോര്‍ത്തു, ഇവിടെ അമ്പലത്തില്‍ വെച്ച്. 2000ത്തോളം വര്‍ഷം പഴക്കമുള്ള ഒരു കലയാണ് കൂടിയാട്ടം.
പുരാണകഥകളെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു സംസ്കൃത നാടകം എന്നു തന്നെ പറയാം. കാതിനിമ്പമേകുന്ന മിഴാവും കുഴിത്താളവും കൂടിയാട്ടത്തിന്റെ പ്രത്യേകതയാണ്.
കുലശേഖര വര്‍മ്മ ചേരമാന്‍ പെരുമാളാണ് കൂടിയാട്ടത്തിന്റെ സൃഷ്ടികര്‍ത്താവ് എന്നു പറയപ്പെടുന്നു. യുനെസ്കോയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ കലയുടെ ആസ്വാദനം മിക്കവരും അറിയാതെ പോകുന്നു.
ഉമ്മറത്തിണ്ണയില്‍ ഇരിക്കുമ്പോള്‍ തന്നെ ഒരു സുഖമുണ്ട്. മുന്‍പ് ഉച്ചസമയങ്ങളില്‍ ഇവിടിരുന്നാണ്കളിയ്ക്കാറുണ്ടായിരുന്നത്. മുറ്റത്തെ മാവിന്റെ ചോട്ടിലേയ്ക്ക് ഒരോട്ടമാണ് വെയില്‍ ചാഞ്ഞാല്‍ .
“വരുന്ന ആഴ്ച്ച കഥകളിയുണ്ട്, കാണാന്‍ മറക്കണ്ട , നിനക്കിഷ്ടല്ലേ അതൊക്കെ“
ചായഗ്ലാസ്സ് എന്റെ നേരെ നീട്ടുമ്പോള്‍അമ്മ പറഞ്ഞു. ആശ്ചര്യത്തേക്കാളേറെ ആകാംക്ഷയായിരുന്നു എനിക്കാ വാക്കുകള്‍ തന്നത്.
രാഗമധുരിമയെങ്കിലും സോപാനസംഗീതത്തിന്റെ ചടുലതയണ് കഥകളിപ്പദങ്ങള്‍ക്ക്. ഗുരുവായൂര്‍ അമ്പലത്തിനുള്ളില്‍വെച്ച് ദുര്യോധനവധം ഒരിക്കല്‍ കണ്ടിരുന്നത് പെട്ടന്നോര്‍മ്മ വന്നു. രാത്രിയിലാണ് കഥകളി അരങ്ങേറുന്നത്. കഥകളിയ്ക്കുള്ള ചമയത്തില്‍ ഏറ്റവും സുന്ദരമാണ് മുഖം ചായങ്ങള്‍ കൊണ്ട് ചമയിക്കുന്ന ചുട്ടികുത്തല്‍. ഒരുപാട് സമയമെടുക്കും ഇതിന്. കളിവിളക്കു തെളിയുന്നതോടെ ആരംഭിക്കുന്ന കഥകളിയ്ക്ക് ചെണ്ടയും, മദ്ദളവും, ഇടയ്ക്കയും അകമ്പടിയേകുന്നു.
കളിവിളക്കിനു പിറകില്‍ ഉയര്‍ത്തിപ്പിടിച്ച തിരശ്ശീലയ്ക്കു പിറകില്‍ നിന്നും കഥകളി രൂപത്തിന്റെ ശബ്ദങ്ങള്‍ കേട്ടു തുടങ്ങുമ്പോഴേയ്ക്കും കഥകളിപ്പദം ചൊല്ലുന്നവരുടെ കയ്യില്‍ ചേങ്ങലയും ഇലത്താളവും താളം പിടിച്ചു തുടങ്ങും. വര്‍ഷങ്ങളോളമുള്ള പരിശീലനമാണ് കഥകളിയ്ക്കാവശ്യം.
കൈമുദ്രകളിലും മുഖഭാവങ്ങളിലും ഒരു കഥയെ മൊത്തം വിവരിക്കുന്ന ഈ നാട്യകല നവരസങ്ങള്‍ കൊണ്ട് സമ്പന്നമാണ്.
ശൃംഗാരം, ഹാസ്യം,ഭയം,കരുണം,രൌദ്രം,വീര്യം,ഭീഭത്സം,അദ്ഭുതം,ശാന്തം എന്നീ ഒന്‍പത് ഭാവങ്ങള്‍ മുഖത്ത് പ്രതിഫലിക്കുന്നത് കാണാന്‍ തന്നെ രസമാണ്.
ഉച്ചയൂണും കഴിഞ്ഞ് തൊടിയിലൂടെ നടക്കാനിറങ്ങി. പിന്നെ പതുക്കെ കൂട്ടുകാരികളുടെ വീട്ടിലൊക്കെ കറങ്ങി. വിശേഷം പറച്ചിലും ഒക്കെയായി സമയം പോയതറിഞ്ഞില്ല.നാട്ടുവഴികളൊക്കെ വിജനമായിത്തുടങ്ങിയിരിക്കുന്നു. വല്ലാത്തൊരു ഏകാന്തത.
എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേയ്ക്കും സന്ധ്യയായിരുന്നു. ദൂരെ കുന്നിന്‍മുകളിലുള്ള അമ്പലത്തില്‍നിന്നും വെളിച്ചം കാണാം. കുറച്ചു നേരത്തെ നാട്ടിലെത്തിയിരുന്നെങ്കില്‍ അവിടത്തെ ഉത്സവം കൂടി കാണാമായിരുന്നു. ധനുപ്പത്തിന്റെ അന്നാണ് അവിടെ ഉത്സവം.
ധനുപ്പത്തിന്റെ അന്നാണ് അവിടെ ഉത്സവം. ആനയും കൊട്ടും ഒക്കെയായി കേമം തന്നെ. അമ്പലനടയില്‍ മൂന്ന് ആനകള്‍ നിരന്നുനില്‍ക്കും, നെറ്റിപ്പട്ടത്തിന്റെ മനോഹാരിതയില്‍ ...
വൈകുന്നേരമാകുമ്പോഴേയ്ക്കും എല്ലാ വീടിനു മുന്‍പിലും ചാണകം മെഴുകിയ മുറ്റത്ത് നിലവിളക്കിനറ്റുത്ത് നെല്ലു നിറച്ച ‘ പറ’ വെയ്ക്കും.
ഓരോ വീട്ടുമുറ്റത്തും വന്ന് ഗജകേസരികള്‍ പറയെടുക്കുന്നതൊക്കെ ഒത്തിരി തവണകണ്ടിരിക്കുന്നു.
എങ്കിലും ഇപ്പോ കാലങ്ങള്‍ക്കു ശേഷം അതൊക്കെ വീണ്ടും കാണാനൊരു മോഹം. ടിപ്പുവിന്റെ കാലത്തേഉണ്ടായിരുന്ന ഒരമ്പലമാണത്രേ അത്. അമ്പലങ്ങള്‍ നശിപ്പിച്ചുകൊണ്ട് മുന്നേറിയ ടിപ്പുവിന്റെ പടയോട്ടത്തില്‍ കുറെയൊക്കെ തകര്‍ന്നിരുന്നുഅവിടം. ചുറ്റും കൊക്കര്‍ണികളും ചെകുത്തായ പാറകളും ഇന്നുമുണ്ട്. ഇവിടുന്നു പോകുന്നതിനുമുന്‍പ് ഒന്നൂടി കാണണം.
പെയ്തുതോര്‍ന്ന മേഘങ്ങള്‍ പോലെ സന്ധ്യാനാമം അലയടിച്ചിരുന്ന ത്രിസന്ധ്യകള്‍ ഇനി മടങ്ങി വരില്ല. എല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. ഈ നടുമുറ്റത്തില്‍ മഴത്തുള്ളികള്‍ക്കൊപ്പം തുള്ളിച്ചാടിക്കളിച്ച രാവുകളും ഏറെ അകന്നിരിക്കുന്നു. തലയിലൂടെയിഴയുന്ന അമ്മയുടെ കൈകള്‍ക്ക് നേരിയ ചൂടുണ്ട്. കണിക്കൊന്ന പറിക്കാനും, വിഷുക്കണിയൊരുക്കാനും ഓടി നടന്നിരുന്ന ആ കുട്ടി തന്നെയാണ് അമ്മയ്ക്കിന്നും ഞാന്‍.
വളര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും അമ്മയുടെ തലമുറ എല്ലാം അറിഞ്ഞിരുന്നു. ഇത്രയേറെ പറഞ്ഞു തരാനും അവര്‍ക്കു കഴിയുന്നു. ഞാനടക്കമുള്ള ഇന്നത്തെ തലമുറ നഷ്ടപ്പെടുത്തുന്നതുംഈ മൂല്ല്യങ്ങളെയാണല്ലോ.
കഴിഞ്ഞ ഓണത്തിന് അരിപ്പൊടി കലക്കി നിമിഷങ്ങള്‍കൊണ്ട് ‘അണിയല്‍ ‘ പൂര്‍ത്തിയാക്കിയ ആ കൈകളുടെ കരവിരുതിനെകുറച്ച് അസൂയയോടെയാണ് നോക്കിക്കണ്ടത്. ഇതെന്തിനാണെന്നു ചോദിച്ചപ്പോള്‍ എല്ലാത്തിലുമുണ്ട് ഓരോ വിശ്വാസങ്ങള്‍ എന്നായിരുന്നു മറുപടി.
ശരിയാണ്, കാലത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകുന്നു എന്നതിലുമപ്പുറം സ്വന്തം നാടിനെ അറിയാനും മനസ്സിലാക്കാനും മറന്നുപോയിരിക്കുന്നു. വിശ്വാസങ്ങള്‍ക്ക് ശക്തിയുണ്ടെന്ന തിരിച്ചറിവാകാം ഈ തിരിഞ്ഞുനോട്ടം
“ഈ തണലിലിത്തിരിനേരമൊരുകൊച്ചുകുട്ടിയായ്
തെന്നലിന്‍ കിന്നാരമൊന്നു കേള്‍ക്കാന്‍
വരാമൊരു വിരുന്നുകാരിയെപ്പോലെയെങ്കിലു-
മരികിലില്ലല്ലോ ഈ സ്നേഹമെന്നും ...”
ഇവിടെ ഇരുട്ടിന് ഭയാനകതയില്ല. നിദ്രയ്ക്ക് കൂട്ടായി ഏതോ രാപക്ഷി പാടുന്നുണ്ട്.ഇനി ഞാനുറങ്ങട്ടെ.
സ്മൃതികള്‍ക്കു മുമ്പില്‍ എല്ലാം വ്യക്തമാകുമ്പോള്‍ സ്വയമുരുകുന്ന സംഗീത സായഹ്നത്തില്‍ കല്‍വിളക്കുകള്‍ പൊന്‍പ്രഭ ചൊരിയുകയാണ്.
22 comments:
പ്രിയാജി,
ആദ്യ തേങ്ങ എന്‍റെ വക തന്നെയാകട്ടെ.
(((ഠേ)))
ഗൃഹാതുരത്വം പൊഴിയുന്ന വരികളും ചിത്രങ്ങളും.
മനസ്സറിഞ്ഞു യാത്ര ചെയ്ത സുഖം. :)
വളരെ നന്നായി എന്ന് പറഞ്ഞാല്‍ കുറച്ചിലാകും ഈ പോസ്ടിനു.അതുകൊണ്ട് വളരെ കൂടുതലായി ഇഷ്ടപ്പെട്ടു എന്നെഴുതട്ടെ.
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്തകേള്‍ക്കാനായി
ഗ്രാമം തുടിക്കാറുണ്ടിന്നും...
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറൂണ്ടെന്നും..
പ്രിയാ. നന്നായിട്ടുണ്ട്.
ഇടയ്ക്ക് കൂടിയാട്ടത്തെയും കഥകളിയെയും പറ്റി പറഞ്ഞപ്പോള്‍ ആദ്യത്തെ ഒഴുക്കു നഷ്ടപ്പെട്ടോ എന്നൊരു സംശയം ഉണ്ട്.
very good Priya.
great pictures,
പ്രിയാ...
ഗൃഹാതുരത്വം നിറഞ്ഞ നല്ലൊരു പോസ്റ്റ്... നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുന്ന എന്തിനെയൊക്കെയോ ഓര്‍മ്മിപ്പിയ്ക്കുന്നു.
അവസാനം കുറിച്ച ഈ നാലു വരികള്‍ ഒന്നു കൂടി എടുത്തെഴുതട്ടേ...
“ഈ തണലിലിത്തിരിനേരമൊരുകൊച്ചുകുട്ടിയായ് തെന്നലിന്‍ കിന്നാരമൊന്നു കേള്‍ക്കാന്‍വരാമൊരു വിരുന്നുകാരിയെപ്പോലെയെങ്കിലു-മരികിലില്ലല്ലോ ഈ സ്നേഹമെന്നും ...”
എത്ര സത്യം!
പ്രിയാ,
എന്തിനോ കണ്ണുകള്‍ വല്ലാതെ നിറഞ്ഞു.നഷ്ടപ്പെട്ടുപോയതൊന്നും തിരികെ കിട്ടില്ലല്ലോ..വായിച്ചു കഴിഞ്ഞപ്പോള്‍ പ്രിയയോട് വല്ലാത്ത അസൂയയും.അവിടെയൊക്കെ കാല്‍പ്പാടുകള്‍ പതിപ്പിക്കാന്‍ പ്രിയക്കായല്ലോ..ആ പാടവരമ്പും,ആല്‍ത്തറയും ഒക്കെ.വരും ജന്മവും ഈ പ്രിയക്കുട്ടിയായി ഇങ്ങനൊരു ബാല്യം ലഭിക്കട്ടെ.
പിന്നെ appreciable attempt.congrats കൂട്ടുകാരി.
Good one... touching... in detail.. great.. :-) Presentation is beautiful.. :-)
ജന്മനാടിന്റെ ചൂടും ചൂരുമായി ഒരു സുന്ദരന്‍ പോസ്റ്റ്.
പ്രിയേ,
വളരെ നല്ല തുടക്കം.
മനസ്സിന്റെ ഉള്ളില്‍ ഉറഞ്ഞു കിടക്കുന്നവ, പകര്‍ത്തിവയ്ക്കുക.... സായൂജ്യം നല്‍കുന്നതിനൊപ്പം, ഇനിയും വിടരാനിരിയ്ക്കുന്ന കണ്ണുകള്‍ക്കും ഉണരാനിരിയ്ക്കുന്ന മനസ്സുകള്‍ക്കും പഴമയുടെ അറിവുകള്‍ പകരാന്‍.. അമരത്വമുള്ള അക്ഷരങ്ങള്‍ക്കാവും.
അല്ലെങ്കിലും ഉള്‍നാടന്‍ പാലക്കാടിന്റെ ഭങ്ങി ന്റെ കൂട്ടുകാര്‍ പറഞ്ഞറിവേ ഉള്ളൂ... ഇതുവരെ കണ്ടാസ്വദിക്കാന്‍ പറ്റിയിട്ടില്ലാ.
ചിത്രങ്ങളും വിവരണവും പെട തന്നെ. ഇതെല്ലാം ഇക്കൊല്ലം എടുത്തതാണോ?
ആശംസകള്‍.
പ്രിയാ, ഇതിപ്പൊ, നാട്ടില്‍ ഒന്നുകൂടി പോയ പോലെ ആയി. അതെ ഇതില്‍ പറഞ്ഞ പലതും ഇപ്പോള്‍ കൂടുതലായി കാണാനില്ലെങ്കിലും ചിലതെങ്കിലും ഇപ്പോഴും അവിടെയെല്ലാം ഉണ്ട്.
വിവരണവും നന്നായി.
അടിപൊളി എഴുത്ത്..മനോഹരമായ വിവരണം..
നാട്ടില്‍ ചെന്നിട്ട് ആ വഴിയൊന്നു കറങ്ങണം.
ആശംസകള്‍ പ്രിയപ്പെങ്ങളേ......
ഗൃഹാതുരം
ചിത്രങ്ങള്‍ക്കും വിവരണത്തിനും നല്ല ഭംഗി
മനോഹരമായിരിക്കുന്നു.. ശരിക്കും എല്ലാം കണ്ട ഒരു പ്രതീതി.. ആലപ്പുഴക്കാരനാണെങ്കിലും ഞാന്‍ പഠിച്ചത് പാലക്കാടാണ്. എനിക്ക് ഒത്തിരി ഇഷ്ടമുള്ള സ്ഥലം.. :)
അപ്പു പറഞ്ഞത് പോലെ കൂടിയാട്ടവും കഥകളിയും എത്തിയപ്പോള്‍ പോസ്റ്റ് വഴി മറന്നപോലെ തോന്നി.. പക്ഷേ ഒരിക്കലും മേന്മ കുറഞ്ഞില്ല കേട്ടോ.. :)
യ്യൊ യ്യൊ അമ്പലമുറ്റവും അരയാലിന്‍ കൊമ്പും...അമ്പലക്കുളവും ഹെന്റമ്മൊ......
പ്രിയേ കലക്കനായിട്ടുണ്ട്.. ഇത്താണ് ഇത്താണ് ഗൃഹാതുരത ഗൃഹാതുരത എന്ന് പറയുന്നത്..
അല്ല മനുഷ്യനെ ഇവിടെങ്ങാനും ഇരിക്കാന്‍ സമ്മതിക്കില്ല അല്ലെ...
ഞാന്‍ നാട്ടില്‍ പോയിക്കഴിഞ്ഞൂ,,
പ്രിയ,പുതുമയുള്ള രചന.ഇഷ്ടമായി.ഒത്തിരി ഒത്തിരി...
സൂപ്പര്‍ വിവരണം ...
പലതിനും പഴയ ഭംഗി നഷ്ടപ്പെടുകയാണ്...:(
നല്ല വിവരണവും, പടങ്ങളും :-)
മനസ്സിനെ പിടിച്ചുകൊണ്ടുപോയി കാഴ്ച്ചകള്‍ കാണിച്ചു തരാന്‍ പ്രാപ്തിയുള്ള എഴുത്ത്.
നന്നായിരിക്കുന്നു.
“വളര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും അമ്മയുടെ തലമുറ എല്ലാം അറിഞ്ഞിരുന്നു. ഇത്രയേറെ പറഞ്ഞു തരാനും അവര്‍ക്കു കഴിയുന്നു. ഞാനടക്കമുള്ള ഇന്നത്തെ തലമുറ നഷ്ടപ്പെടുത്തുന്നതുംഈ മൂല്ല്യങ്ങളെയാണല്ലോ“
വളരേ ശരിയാണ് പ്രിയ.ഈ തിരിഞ്ഞുനോട്ടം വളരേ അര്‍ത്ഥവത്തായി.
ഗ്യഹാതുരത്വം നിറഞ്ഞ,നഷ്ടപ്പെടുന്നതു തിരിച്ചറിഞ്ഞ,അറിയിക്കുന്ന ഒരു പോസ്റ്റ്.
“തിമിര്‍ത്തുപെയ്യുന്ന മഴയില്‍ പാടവരമ്പിലൂടെ തെന്നിവീഴാതെ ഓടുമ്പോള്‍ മുകളില്‍ ആകാശം മഴവില്ലിനെ വരവേല്‍ക്കാന്‍ കാത്തിരിക്കാറുണ്ടായിരുന്നു...“ മുകളിലേക്കും നോക്കി പാടവരമ്പത്തൂടെ ഓടിയാല്‍ തെന്നിവീഴാതിരിക്കുന്നത് എങ്ങിനെ ?
ആ അമ്പലം, അമ്പലക്കുളം, ആല്‍ത്തറ...എനിക്ക് ക്ഷ പിടിച്ചു. പാലക്കാട് ഞാനധികം കറങ്ങിയിട്ടില്ല. ഈ പോസ്റ്റ് അതിനുള്ള വെടിമരുന്നാണ് ഇട്ടിരിക്കുന്നത്.
പോസ്റ്റിലൂടെ കടന്നു പോയപ്പോൾ അനുഭവപ്പെട്ടതു ജന്മ നാടിന്റെ ഗന്ധം തന്നെ.. മഴ ചാറിത്തുടങ്ങുൻപോൾ പൊടിയിൽ നിന്നുയരുന്ന ഗന്ധം..
കൂടുതൽ എഴുതുക..
ഈയുള്ളവന്‍ വേറെ ജില്ലക്കാരനാണെങ്കിലും പാലക്കാടിനോടാണ് കൂടുതല്‍ സ്നേഹം. നാലു വര്‍ഷം അവിടെ കഴിഞ്ഞുകൂടിയിട്ടുണ്ട്.. കരിമ്പനകളുടെ നാട്ടിലെ സംസ്കാരങ്ങളുടെ ഓര്‍മ്മ പുതുക്കലായി പോസ്റ്റ്..
എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ മോഹിച്ചുപോയി.. പോസ്റ്റ് ഉഗ്രന്‍..
Post a Comment