ഇത് ഉത്തരായനകാലം. പാലക്കാടന്‍ സംസ്കാരത്തിന്റെ മൂര്‍ത്തീഭാവങ്ങളിലൊന്നായ കണ്യാര്കളിയുടെ ചുവടുകളുണരുന്ന സന്ധ്യകള്‍ സ്വയം മറന്നു നില്ക്കുന്ന കാലം. മീനമാസത്തിന്റെ ചൂടും മേടത്തിലെ വിഷുപ്പാട്ടും കൃഷിയാരംഭത്തിന് കൂട്ടിനെത്തുന്ന നേരം. അനുഷ്ഠാനവും വിനോദവും കൈകോര്‍ക്കുന്ന കളികള്‍. ആണ്മയുടെ കരുത്തുറ്റ താളങ്ങള്‍ ആടിത്തിമിര്ക്കുമ്പോള് കളിയാരവങ്ങള്‍ രാവിനെ തേജ്ജസ്സുറ്റതാക്കുന്ന പൈതൃകത്തിന്റെ തുടിപ്പ്!!!
ചെറുപ്പം തൊട്ടേ കണ്യാര്‍കളി കണ്ടു തുടങ്ങിയിരുന്നു. ആലിന്‍ചുവട്ടിലെ മണ്ണില്‍ പുല്‍പ്പായ വിരിച്ച് കൂട്ടുകാരികള്‍ക്കും കുടുംബക്കാര്‍ക്കുമൊപ്പം നേരം വെളുക്കുംവരെ ഇരുന്നു കാണും. ഉറക്കം വിരുന്നെത്തുന്ന കണ്ണുകള്‍ക്ക് മുന്നില്‍ കാല്പ്പാദങ്ങള് താളം ചവിട്ടുമ്പോള്‍ നിദ്ര അകലങ്ങളിലേയ്ക്ക് യാത്രയാകും. എത്ര കൌതുകത്തോടെയായിരുന്നു അന്നൊക്കെ അതില്‍ ലയിച്ചിരുന്നിരുന്നത്!
മിക്കവാറും മെയ്മാസാരംഭത്തിലാണ് കാക്കയൂരില്‍ കണ്യാര്‍കളി അരങ്ങേറുന്നത്. മൂന്നുദിവസത്തെ കളിയാണ് ഉണ്ടാവുക. ഒന്‍പത്കാല്‍ പന്തല്‍ ഒരുക്കങ്ങള്‍ നേരത്തേ തുടങ്ങിയിരിക്കും. പന്തല്‍ക്കെട്ട് തന്നെ ഒരാഘോഷമാണ്. രാവിന്റെ നീലിമയ്ക്ക് അകമ്പടിയായി കണ്യാര്‍കളി ആരംഭിക്കുന്നത് അമ്പലനടയിലെ ദേവീസ്തുതിയോടെയാണ്. പിന്നെ കളിക്കാരെല്ലാം പന്തലിലേയ്ക്കിറങ്ങും.
കുരുത്തോലകൊണ്ടലങ്കരിച്ചപന്തലിനു നടുവില്‍ നിലവിളക്ക് കത്തിച്ചു വെച്ചിരിക്കും. ആദ്യകളിയായ ‘വട്ടക്കളി‘ യില്‍ കളിക്കാരെല്ലാവരും ചുവട് വെയ്ക്കുന്നുദേവീസ്തുതിയോടെ ‘വട്ടക്കളി‘ കണ്യാര്കളിയ്ക്ക് തുടക്കം കുറിയ്ക്കുന്നു
“മുപ്പത്തിമൂന്നു മരം നട്ട കാലം
മൂന്നു മരമതിലേറെ മുളച്ചു
മൂന്നു മരമതിന്‍ തനിമരം വേറെ
ആ മരം പൂത്തൊരു പൂവാണെന്‍ കയ്യില്‍“
മുപ്പത്തിമുക്കോടി ദേവകളേയും, അതില പ്രധാനമായ ത്രിമൂര്‍ത്തികളേയും,എല്ലാത്തിനുമുപരിയായ ദൈവ സത്തയേയും ഈ വരികളില്‍ അടയാളപ്പെടുത്തുന്നു
കളിക്കാര്‍ക്കു നടുവില്‍ , വിളക്കിനരികെ കളിയാശാനും സംഘവും ഉണ്ടാകും, കൂടെ ചെണ്ടകൊട്ടുകാരും. ചെണ്ടയ്ക്ക് കൂട്ടായി മദ്ദളം, ഇടയ്ക്ക, ഉടുക്ക്, ഇലത്താളം, ചേങ്ങല, കുറുംകുഴല്‍ എന്നിവയും ഉണ്ടാകും ആശാന്റെ പദങ്ങള്‍ക്ക് ഏറ്റുപിടിച്ചുകൊണ്ട് കൂടെയുള്ളവരും കളിപ്പാട്ട് തുടങ്ങുമ്പോള്‍ കളിക്കാരുടെ കൈകളും കാല്കളും താളലയത്തിലേയ്ക്ക്...വട്ടക്കളി കഴിയുന്നതോടെ മറ്റു കളികള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കായി കളിക്കാര്‍ അണിയറയിലെയ്ക്ക് പോകും. പിന്നെ അടുത്ത കളികള്‍ക്കുള്ള തിരക്കായി. ചക്ലിയര്‍ , കൊറവനും കൊറത്തീം, പൂശാരി, മണ്ണാന്‍ മണ്ണാത്തി, വേട്ടുവക്കണക്കന്‍ , തുടങ്ങീ ഒരുപാട് കളികളുണ്ടിതില്‍ .
തൃശൂര്‍പൂരം കാണാന്‍ പോയപ്പോള്‍ കൊറവനെ നഷ്ടപ്പെട്ട കൊറത്തിയുടെ പരിവേദനങ്ങളും അതിനുള്ള മറുപടിയും ചിരിയ്ക്ക് വക നല്കുമ്പോള് കളിയാശാന്റെ കൈതാളങ്ങള്‍ക്ക് മധുരിമയേറെയാണ്
“പാരിലിതിനൊരു സമമൊരു ഘോഷം പറവാനില്ല ത്രിശ്ശൂര് -
പൂരമതിനുടെ ചരിതമുറപ്പാന്‍ നേരവും പൂര
ബന്ധുരാംഗി മണികളുമായി പൂരവും കണ്ടു കലശ്ശ
പന്തലെന്തൊരതിശയമാണ് നിന്നതും കണ്ടു
എട്ടുദിക്കും അലറിടുമതുപോല്‍ പൊട്ടിടും ഒരൊരവിട്ടും
പൊട്ടുമാണം തുലയിടുമതുപോല്‍ മിന്നലായിടും“
രാത്രിയുടെ ഇരുളിമയ്ക്ക് അസഹ്യത തീരെയില്ലാതാവുന്നത് ദൂരെയാകാശം ചെറുചിരി തീര്‍ക്കുമ്പോഴാണെന്നത് എത്ര സത്യം. കളി മുറുകുമ്പോള്‍ കൂട്ടുകാരിയുടെ ചെവിയില്‍ പറയുന്ന സ്വകാര്യങ്ങള്‍ക്ക് ഒരു കള്ളത്തരത്തിന്റെ നിഴലാണ്. കണ്യാര്കളിയുടെ രാവുകള്‍ക്കെന്നും പ്രണയത്തിന്റെ നിറമായിരുന്നു
കെട്ടിലും മട്ടിലും ആഢ്യത്തവുമായി കൂട്ടചക്ലിയര്‍ എത്തുന്നതോടെ കളിത്തട്ട് വര്‍ണ്ണങ്ങളില്‍ ലയിക്കുന്നു
ഭാവത്തേക്കാളേറെ താളത്തിന് പ്രാധാന്യം നല്കുന്ന കളികള്‍ക്കിടയില്‍ കാണികളെ രസിപ്പിക്കാനെത്തുന്ന ‘അമ്മാമ്മനും മരുമകനും ‘ മറ്റൊരു ചിരിയ്ക്ക് വക നല്കുമ്പോള് കളിയാശാനും കളിക്കാര്‍ക്കുമത് വിശ്രമത്തിന്റെ ഇടവേളയാകുന്നു.
തമാശയും കളിയും കാര്യവുമായി കണ്യാര്‍കളി നാടിനെ രസിപ്പിക്കുമ്പോള്‍ പെണ്‍വേഷത്തിന്റെ ചാരുതയ്ക്ക് തിളക്കമേറെ...
മൂന്നുദിവസത്തെ കളിയ്ക്കുശേഷം പൂവാരല്‍ ചടങ്ങോടെ കളിക്കാര്‍ പന്തലില്‍ നിന്നിറങ്ങുന്നു. നാട്ടിലെ പ്രമുഖമായ തറവാട്ടിലെ നടുമുറ്റത്ത് വട്ടക്കളി വീണ്ടും കളിക്കുന്നു, കുമ്മിയടിയോടെ. കളിയ്ക്കുശേഷം പ്രാതലും വെറ്റിലമുറുക്കും കഴിഞ്ഞ് വാളും ചിലമ്പും എടുത്ത് അടുത്തുള്ള കാവിലേയ്ക്ക് നീങ്ങുകായി കളിക്കാര്‍...നാട്ടില്‍ നിന്നും മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ മനസ്സിലൊന്നേ ഉണ്ടായിരുന്നുള്ളൂ, സമയം നിശ്ചയിക്കുന്ന ജീവിതപ്പാതയില്‍ ഇടയ്ക്കൊക്കെ ഇങ്ങോട്ടോടിയെത്തണം. ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു വിശേഷിപ്പിക്കാവുന്ന എന്റെ സ്വപ്നഭൂമിയിലേയ്ക്ക്...
17 comments:
ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. ഇത്രയും വായിച്ചപ്പോള്‍ ഇനി ഇതൊന്നു നേരില്‍ കാണണം എന്നായി ആഗ്രഹം.
നന്ദി പ്രിയാ ഈ പരിചയപ്പെടുത്തലിന്.
പ്രിയാജി ഒരു എന്‍സൈക്ലോപീഡിയ തന്നെ, ഇത്രേം കളികള്‍ കേരളത്തില്‍ ഉണ്ട് എന്ന് അറിയുന്നത് തന്നെ ഈ ബ്ലോഗില്‍ നിന്നാണ്.
(കളിയാക്കി കൊണ്ടു വട്ടക്കളി എന്ന് പറയുന്നതു കേട്ടിട്ടുണ്ട്)
പടങ്ങള്‍ എല്ലാം നന്നായിരിക്കുന്നു.
ആ പെണ് വേഷം ആരാണാവോ :)
വളരെ നല്ല പോസ്റ്റ്. !
നമ്മുടെ നാടുവിട്ടപ്പോഴാണ്
“ദൈവത്തിന്റെ സ്വന്തം നാട് ”
എന്നപ്രയോഗം എത്ര അര്ത്ഥവത്തണെന്നു
ബോധ്യം വരുന്നത്, നമ്മുടെ നാടിന്റെ
സംസ്കാര പാരമ്പര്യം എത്ര സമ്പന്നവും
ശ്രേഷ്ടവും ആണ്....
എല്ലാ കാലത്തിനേയും സംഗീതവും
നൃത്തവുമായി ബന്ധിപ്പിച്ച് മനസ്സിനെ ശബ്ദമുഖരിതമാക്കി....
ആ ഓര്‍മ്മകള്‍ അടുത്ത കൊല്ലം വരെ സൂക്ഷിക്കാന്‍ അവസരം .......
ബാല്യം മുതലേ ആചാരങ്ങള്‍
ഒത്തുചേരലും നൃത്തവും പാട്ടും ...
ഇവയൊക്കെ അന്യം നിന്ന് പോകാതിരിക്കട്ടെ!
നല്ല ഐശ്വര്യമുള്ളാ ഒരു പോസ്റ്റ് ,
സ്നേഹാശംസകളോടെ ..
ആദ്യമായിട്ടാണ് കണ്യാര്‍കളി വിശേഷങ്ങള്‍ വായിയ്ക്കുന്നത്. വളരെ വിശദമായി തന്നെ വിവരിച്ചിരിയ്ക്കുന്നു. ഒപ്പം നല്ല ചിത്രങ്ങളും. ഇനിയുമറിയാത്ത എത്രയോ കലാരൂപങ്ങളാല്‍ സമ്പുഷ്ടമാണ് നമ്മുടെ കൊച്ചു കേരളം.
നല്ല പോസ്റ്റ് :)
[ചെണ്ടയ്ക്ക് കൂട്ടായി ചെണ്ട, മദ്ദളം, ഇടയ്ക്ക, ഉടുക്ക്... എന്നാണ് എഴുതിയിരിയ്ക്കുന്നത്. രണ്ടാമതും ചെണ്ട വേണ്ടല്ലോ]
നല്ല വിവരണം ..ചിത്രങ്ങള്‍ ..
കണ്ണ്യാര്‍ കളി കാണാനുള്ള ആഗ്രഹം വീണ്ടും കൂടി..
നല്ല വിവരണം ..ചിത്രങ്ങള്‍ ..ആദ്യമായിട്ടാണ് കണ്യാര്‍കളി വിശേഷങ്ങള്‍ വായിയ്ക്കുന്നത്.
വളരെ നന്നായിരിക്കുന്നു, ഈ പോസ്റ്റ്. ചിത്രങ്ങള്‍ വിവരണത്തിന് കൂടുതല്‍ മിഴിവേകി. പ്രിയക്കുട്ടിയ്ക്ക് അഭിനന്ദനങ്ങള്‍.
വളരെ നല്ല ലേഖനം.
അന്യം നിന്നുകൊണ്ടിരിക്കുന്ന ഇത്തരം കലാരൂപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മലയാളവിക്കിയില് ഉള്‍ച്ചേര്‍ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇപ്പോള്‍ വിക്കിയില്‍ ഒരു വരി മാത്രമേ ഈ കലാരൂപത്തെക്കുറിച്ചുള്ളൂ.
കണ്യാര്‍കളിയെപ്പറ്റി ആദ്യായിട്ട് കേട്ടു, അതും ആധികാരികമായിട്ട് തന്നെ. പുത്തനറിവിന് നന്ദി പ്രിയാ....
കണ്യാര് കളിയില്‍ സ്ത്രീവേഷം കെട്ടിയ ഒരു പാലാക്കാട്ട് കാരന് കൂടെ ജോലി ചെയ്യുന്നുണ്ട്... അതോണ്ട് അദ്യമായി അല്ല കേള്‍ക്കുന്നത്.
ഈ ലേഖനവും നന്നായി.
വിജ്ഞാനപ്രദമായ ലേഖനം. ന്നന്ദി പ്രിയാജി!
ഈ പോസ്റ്റിലേക്കുള്ള ലിങ്ക് കണ്ര്യാര്കളിയുടെ വിക്കിയില്‍ കൊടുക്കൂ...
പിന്നെ ആണുള് പെണ്‍വേഷം കെട്ടൂന്നത് നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ സാമൂഹികമായ വിലക്കുകള്‍ ഒന്നു കൂടി ഓര്‍മ്മപ്പെടുത്തുന്നു. ഒരു സ്ത്രീ തന്നെ വേഷം കെട്ടുന്ന കണ്യാര്‍കളി ഉടന്‍ വരുമെന്നു പ്രതീക്ഷിക്കാം!
Good one... :-)
പ്രിയാ, പാലക്കാടിന്റെ തനതു നാടന്‍ കലാരൂപമായ കണ്ണ്യാര്കളിയെക്കുറിച്ച് ഒരു പോസ്റ്റിട്ടത് നന്നായി. (ഞാനും ഇതിനെ കുറിച്ച് എഴുതണം എന്ന് വിചാരിച്ചിരിക്കയായിരുന്നു). പേരെടുത്ത പല മലമക്കളി/കണ്ണ്യാര്‍കളി ആശാന്മാരും ഇന്ന് വിസ്മൃതിയിലാണ്ടുപോയിരിക്കുന്നു.(ആധുനിക)കാലത്തിന്റെ ഒഴുക്കില്‍ പെട്ട് മണ്മറയാന് തുടങ്ങിയിരുന്ന ഈ നാടന്‍ കലയെ പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഈയിടെയായി നടക്കുന്നുണ്ട്. ഈ വര്‍ഷം മേയില്‍ നടത്തിയ വിവിധ ദേശക്കാര്‍ പങ്കെടുത്ത കണ്യാര്‍കളി മല്‍സരവും കളിയാശാന്മാരെ ആദരിക്കലും ഇതിന്റെ ഭാഗമായിരുന്നു.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതിനു പുറമെ ഇനിയും പൊറാട്ടുകള്‍ കണ്ണ്യാര്‍കളിയില്‍ ഉണ്ടെന്നാണ് എന്റെ ഓര്‍മ്മ. ഒറ്റമലയന്, കൂട്ടമലയന്, കൂട്ടപ്പൂശാരി, തുടങ്ങിയവ.
2007-ല്‍ ഡല്‍ഹിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ കേരളത്തില്‍ നിന്നുള്ള നാടന്കലാരൂപമായി പാലക്കാട്ടുനിന്നുള്ള കണ്ണ്യാര്‍കളി അവതരിപ്പിച്ചിരുന്നത് പലര്‍ക്കും ഒരു പുതിയ അനുഭവമായിരുന്നു. കാലത്തിനനുസരിച്ച് ഇന്ന് കണ്ണ്യാര്‍ കളിയിലെ വേഷവിതാനങ്ങള്‍ക്ക് ചെറിയ മാറ്റങ്ങള്‍ കണ്ടുവരുന്നുണ്ട്.
കണ്ണ്യാര്കളിയെക്കുറിച്ചും മലമക്കളിയെക്കുറിച്ചും കൂടുതല്‍ ആധികാരികമായ വിവരങ്ങള്‍ ശേഖരിച്ച് മലയാളം വിക്കിപീഡിയയില്‍ ചേര്‍ക്കേണ്ടതുണ്ട്. കണ്ണ്യാര്‍ കളിയെന്ന നാടന്‍ കലാരൂപത്തെക്കുറിച്ച് അറിയാന്‍ ഡോട്ട്കോംപാല്സിന്റെ ഈ ലിങ്കിലുള്ള ചിത്രങ്ങള്‍ സഹായകരമാവുമെന്ന് കരുതുന്നു.
ചില പൊറാട്ടുകളില്‍ തമിഴ് കലര്‍ന്ന മലയാളത്തിലാണ് സംഭാഷണങ്ങള്‍. തമിഴും മലയാളവും കലര്‍ന്ന വാചകങ്ങളെ തെറ്റായി മനസ്സിലാക്കി ദ്വയാര്‍ത്ഥത്തിലൂടെ ചോദ്യങ്ങളുന്നയിക്കുന്നതും അശ്ലീലച്ചുവയുള്ള ദ്വയാര്‍ത്ഥപ്രയോഗങ്ങളും കാണികളെ ചിരിപ്പിച്ച് മയക്കുന്നു. വിദൂഷകവേഷം കെട്ടുന്നയാളാണ് ഇങ്ങനെ കൂടുതല്‍ ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ നടത്തുന്നത്. അന്നേരം കളിയാശാന് കവുങ്ങിന്‍പാള കൊണ്ടുള്ള ബാറ്റ് കൊണ്ട് വിദൂഷകന്റെ പുറത്ത് നല്ല അടി കൊടുക്കുകയും പൊറാട്ടുവേഷക്കാര് തമിഴില്‍/നാട്ടുഭാഷയില്‍ പറഞ്ഞ കാര്യം മലയാളത്തില്‍ വ്യക്തമാക്കി കൊടുക്കുകയും ചെയ്യുന്നു. ഒരു രാത്രി കളി കഴിയുമ്പോഴേക്കും വിദൂഷകന്റെ (ഞങ്ങളുടെ നാട്ടില്‍ അപ്പുഅച്ചന് എന്നൊരാളായിരുന്നു ഈ വേഷം കെട്ടി അടിവാങ്ങുകയും ആളെ ചിരിപ്പിക്കുകയും ചെയ്തിരുന്നത്) പുറം കവുങ്ങിന്‍പാള കൊണ്ടുള്ള അടി (ശബ്ദമാണ് കൂടുതലും) കൊണ്ട് ഒരു പരുവമായിരിക്കും.
--
പ്രിയയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മകള്‍ എന്നെ കുറെ വര്‍ഷം പുറകിലേക്ക് കൊണ്ടുപോയി. മലമക്കളിക്ക് കളിയാശാനില് നിന്നും ചുവടുകള്‍ അഭ്യസിച്ചിരുന്നതും, അമ്മയുടെ പുതിയ ഒറ്റമുണ്ട് കൊണ്ടുപോയി മഞ്ഞള്‍ വെള്ളത്തില്‍ മുക്കി മഞ്ഞനിറത്തിലാക്കി വൈഷ്ണവര്‍ വേഷം കെട്ടിയതും, കറുത്ത ട്രൗസറും 'ക്രോസ്സ്ബെല്‍റ്റും' ധരിച്ച് വടിയഭ്യാസം നടത്തിയ (മുകളിലെ ചിത്രം 3) കൂട്ടമലയന്കളിയും, അങ്ങിനെ ഒത്തിരി ഒത്തിരി. കളിയാശാനാണെങ്കില് ഇടക്കിടക്ക് 'സ്പെഷല്‍ സോഡ' വേണം താനും. ഇതിന്റെ ഗുട്ടന്‍സ് പിന്നെയല്ലെ പിടികിട്ടിയത്.
:)
നാട്ടുപ്പച്ചക്കിളിപ്പെണ്ണെ.. നല്ലോണപൈങ്കിളിയെ..
സംഗതി ഒന്നു നേരില്‍ കാണണമല്ലോ
Im very much happy to see the article & photographs.
It is very mch encouraging to all Kanniyaar Kali artists of Palakkad.
In this connection for more details about this art form please feel free to visit
http://kanniyaarkali.blogspot.com/
ഒരു പുതിയ അനുഭവം.
Post a Comment